തൊടുപുഴ: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതിന് ലഭിച്ച കേന്ദ്രസർക്കാരിന്റെ രാഹ്–വീർ പദ്ധതി പ്രകാരമുള്ള 25,000 രൂപ അവാർഡ് തുക അപകടത്തിൽപ്പെട്ടയാൾക്ക് തന്നെ കൈമാറി മാതൃകയായി വണ്ണപ്പുറം സ്വദേശി. വണ്ണപ്പുറം സ്വദേശിയും വൈദ്യനുമായ പുതുപ്പറമ്പിൽ ബേബിയും 12 വയസ്സുകാരനായ മകൻ ആൽഫ്രഡുമാണ് അവാർഡിനും ആദരവിനും അർഹരായത്.

തങ്ങൾക്ക് ലഭിച്ച പാരിതോഷികത്തുക അപകടത്തിൽപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടിലായ തൊടുപുഴ സ്വദേശി റെജികുമാറിന് തന്നെ നൽകുമെന്ന് ബേബി പ്രഖ്യാപിക്കുകയായിരുന്നു.2025 നവംബർ 16-ന് രാത്രി വണ്ടമറ്റം ബൈപ്പാസിലായിരുന്നു സംഭവം. ബൈക്ക് അപകടത്തിൽപ്പെട്ട് റോഡരികിൽ ബോധരഹിതനായി കിടന്ന റെജികുമാറിനെ അതുവഴി വന്ന ബേബിയും മകൻ ആൽഫ്രഡും ചേർന്ന് കൃത്യസമയത്ത് (‘ഗോൾഡൻ അവർ’) മുതലക്കുടത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്കും മാറ്റുകയായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് റെജികുമാർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
റോഡപകടങ്ങളിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നവർക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം ഏർപ്പെടുത്തിയ രാഹ്–വീർ പദ്ധതി പ്രകാരമാണ് ബേബിക്കും മകനും പുരസ്‌കാരം ലഭിച്ചത്. കാളിയാർ പോലീസ് സ്റ്റേഷനിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇവരെ പോലീസ് ഉദ്യോഗസ്ഥർ ആദരിച്ചു.തുടർന്നാണ്, ചികിത്സയിൽ കഴിയുന്ന റെജികുമാറിന്റെ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് പാരിതോഷികത്തുക മുഴുവൻ അദ്ദേഹത്തിന് കൈമാറാൻ ബേബി തീരുമാനിച്ചത്. സ്വാർത്ഥതയില്ലാത്ത ഈ ഇടപെടൽ സമൂഹത്തിന് വലിയ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.കാളിയാർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു വി.വി., ബീജു വർഗീസ്, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ നിഷാദ് പി.പി., ജയേഷ് ഭാസ്കരൻ, ബിനു ജെ. മാറാട്ട്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബൈർ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയ്‌നമ്മ ജോസഫ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സജി പോൾ, യൂണിറ്റ് പ്രസിഡന്റ് സജി കണ്ണംപുഴ, സെക്രട്ടറി നൗഷാദ് മലനാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






