തിരുവനന്തപുരം: വനമേഖലകളിലും സംരക്ഷിത വനപ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളുമായി വനംവകുപ്പ്.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അഴുകാത്ത മാലിന്യങ്ങൾ വനത്തിനുള്ളിൽ ഉപേക്ഷിക്കുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചു. ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കമ്യൂണിറ്റി റിസർവുകൾ എന്നിവിടങ്ങളിലാകും പുതിയ നിയമം നടപ്പാക്കുക.
ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവനുസരിച്ച്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലുള്ളവർക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കും നേരിട്ട് പിഴ ചുമത്താം. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുക്കുകയും ചെയ്യും.
വിനോദസഞ്ചാരികൾക്ക് മാത്രമല്ല, വനത്തിനുള്ളിലെ ജനവാസമേഖലകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി സംരക്ഷിത വനപാതകൾ ഉപയോഗിക്കുന്നവർക്കും നിയമം ബാധകമാണ്. ഇത്തരത്തിൽ പിഴയായി ലഭിക്കുന്ന തുക അതത് വനമേഖലകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനാണ് നിർദേശം.
സംരക്ഷിത വനപ്രദേശങ്ങളിൽ ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും മാലിന്യനിക്ഷേപം തടയുന്നതിനുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന പ്രതിനിധികളും അടങ്ങുന്ന പ്രത്യേക സമിതികൾ രൂപീകരിക്കാനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.
സന്ദർശകർ വനത്തിൽ ഉപേക്ഷിക്കുന്ന ആഹാരാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും വന്യമൃഗങ്ങളും പക്ഷികളും ഭക്ഷിക്കുന്നത് അവയുടെ ജീവന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തിന്റെ 29 ശതമാനത്തോളം വരുന്ന വനമേഖല ജനവാസകേന്ദ്രങ്ങളുമായി ചേർന്നു കിടക്കുന്നതിനാൽ ഇത്തരം മാലിന്യം തള്ളൽ പരിസ്ഥിതിക്കും വലിയ ആഘാതമുണ്ടാക്കുന്നു. ഇതിന് തടയിടാനാണ് വനംവകുപ്പിന്റെ പുതിയ നീക്കം.






