വഴിത്തല: തൊടുപുഴയിൽ നിന്നും രാത്രിയിൽ വഴിത്തല, കൂത്താട്ടുകുളം റൂട്ടിലേക്ക് ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലി കഴിഞ്ഞ് മടങ്ങുന്നവരും രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ഈ റൂട്ടിനെ ആശ്രയിക്കുന്നത്. എന്നാൽ രാത്രി 7.20-ഓടെ അവസാന ബസും പോകുന്നതോടെ ഈ വഴിയിലേക്കുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെടുന്ന സ്ഥിതിയാണ്.
തൊഴിൽ മേഖലയെയും ബാധിക്കുന്നുതൊടുപുഴ നഗരത്തിലെ ഹോട്ടലുകൾ, വസ്ത്രവ്യാപാരശാലകൾ തുടങ്ങി വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ രാത്രി വൈകി ജോലി കഴിഞ്ഞ് ഇറങ്ങുന്ന തൊഴിലാളികളാണ് കൂടുതൽ ദുരിതത്തിലാകുന്നത്. ബസില്ലാത്തതിനാൽ പലർക്കും ജോലി നേരത്തെ അവസാനിപ്പിച്ച് മടങ്ങേണ്ടി വരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ രാത്രിയിൽ സ്റ്റാൻഡുകളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
ടാക്സി, ഓട്ടോറിക്ഷ സർവീസുകൾ കൃത്യമായി ലഭിക്കാത്തതും കൂടിയ നിരക്ക് നൽകേണ്ടി വരുന്നതും സാധാരണക്കാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നു.എം.എൽ.എയുടെ സ്വന്തം മണ്ഡലം; കടുത്ത പ്രതിഷേധംസ്ഥലം എം.എൽ.എയുടെ സ്വന്തം നാടായ പുറപ്പുഴയിൽ കൂടി കടന്ന് പോകുന്ന റൂട്ടിലാണ് ഈ യാത്രാദുരിതം തുടരുന്നത്. തൊടുപുഴയിൽ നിന്ന് വൈക്കം, രാമപുരം, ഉഴവൂർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ സാധിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡ് കൂടിയാണിത്. ജനപ്രതിനിധിയുടെ സ്വന്തം നാട്ടിലേക്കുള്ള റൂട്ടിൽ പോലും അടിസ്ഥാന യാത്രാസൗകര്യം ഒരുക്കാൻ സാധിക്കാത്തതിൽ ജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്.വോട്ട് ചോദിക്കാൻ എത്തിയപ്പോൾ ഗതാഗത പ്രതിസന്ധി പരിഹരിക്കുമെന്ന് വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും രാത്രി ഏഴു മണി കഴിഞ്ഞാൽ ഇപ്പോഴും സ്വന്തം വീട്ടിലെത്താൻ മാർഗമില്ലാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് അധികൃതർ, ജനപ്രതിനിധികൾ എന്നിവർക്ക് പലതവണ നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. തൊടുപുഴയിൽ നിന്ന് രാത്രി 8.30-നും 9.00-നും ഇടയിൽ വഴിത്തല – കൂത്താട്ടുകുളം റൂട്ടിൽ കുറഞ്ഞത് ഒരു ബസ് സർവീസ് എങ്കിലും അടിയന്തരമായി ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യം.





