തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ സ്മരണയിൽ തൊടുപുഴ ന്യൂമാൻ കോളേജ് മാഗസിൻ പുറത്തിറക്കി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളായ ഷെറിൻ ആൻ ജോണും അരുൺ എബ്രഹാമും ചേർന്ന് മാഗസിൻ പ്രകാശനം ചെയ്തു. പ്രശ്നകലുഷിതമായ ഈ ലോകത്തിൽ നന്മയുടെയും പ്രത്യാശയുടെയും മാതൃകയാണ് ആലിന്റെ മാതാപിതാക്കളെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച വൈസ് പ്രിൻസിപ്പൽ മേജർ പ്രജീഷ് സി. മാത്യു പറഞ്ഞു. അവരുടെ സാന്നിധ്യം ന്യൂമാൻ കോളേജിനെ പുണ്യഭൂമിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സ്നേഹം എന്ന സാർവത്രിക ഭാഷ ലോകത്തിന് പകർന്നു നൽകിയാണ് ആലിൻ യാത്രയായതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് പറഞ്ഞു. ന്യൂമാൻ കോളേജ് നൽകിയ സ്നേഹാദരവിന് ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും നന്ദി അറിയിച്ചു. ചടങ്ങിൽ കോളേജിന്റെ ഉപഹാരം നൽകി മാതാപിതാക്കളെ ആദരിച്ചു. മാഗസിൻ എഡിറ്റർ നവനീത് രാജേഷ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആൽബിൻ ബാബു എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ്റെ പേരിൽ മാഗസിൻ പുറത്തിറക്കി ന്യൂമാൻ കോളേജ്






