ഇടുക്കി: ഏഴാം പ്രാവശ്യവും കേന്ദ്ര സർക്കാർ ഇഎസ്എ കരടുവിജ്ഞാപനം പുനർ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭുവേന്ദ്ര യാദവുമായി കോട്ടയം എം.പി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് എന്നിവർ ഡൽഹിയിൽ ചർച്ച നടത്തി. സംസ്ഥാന സർക്കാരുമായി കേന്ദ്ര സർക്കാർ നിയോഗിച്ച സജ്ഞയ് കുമാർ കമ്മറ്റി അന്തിമ വിജ്ഞാപനം ചെയ്യുന്നത് സംബന്ധിച്ച് സമവായ ചർച്ചകൾ തുടങ്ങി വച്ചതിനിടയിലാണ് നിലവിൽ 2014ൽ പുറപ്പെടുവിച്ച കരടു വിജ്ഞാപനം വീണ്ടും പുന:പ്രസിദ്ധീകരിച്ചത്. 123 വില്ലേജുകളിലായി ജനവാസ കേന്ദ്രങ്ങളും ,കൃഷിസ്ഥലങ്ങളും, തോട്ടങ്ങളും ഒഴികെ 9993.7 ചതുരശ്ര കിലോമീറ്റർആണ് ഇഎസ്എയായി ശുപാർശ ചെയ്യപ്പെട്ടത്. 9100 ചതുരശ്ര കിലോമീറ്റർഅന്ന് കേരളത്തിൻ്റെ വന വിസ്തൃതിയായി വനംവകുപ്പിൻ്റെ രേഖയിൽ ഉണ്ടായിരുന്ന ഏരിയയും 800ചതുരശ്ര കിലോമീറ്റർ ചതുപ്പും, ജലാശയവും, പാറക്കെട്ടും കൂടി ചേർന്ന ഭാഗവും ഉൾപ്പടെയാണ് 9993.7 ചതുരശ്ര കിലോമീറ്റർ ഇ എസ് എയായി പ്രഖ്യാപിച്ചത്.
പിന്നീട് വില്ലേജുകളുടെ എണ്ണം 131ലേക്ക് ഉയർന്നത് ചില വില്ലേജുകളുടെ എണ്ണം വിഭജിച്ച് 2 ആയി മാറിയതിൻ്റെ അടിസ്ഥാനത്തിൽ ആണ്. എന്നാൽ ഇഎസ്എ യുടെ അളവിൽ വ്യത്യാസം വരുന്നില്ല. ഈ ഘട്ടത്തിൽ മുൻ ഇടതുപക്ഷ സർക്കാർ 8507 ചതുരശ്രകിലോമീറ്റർ ആയി ഇഎസ്എ യുടെ അളവ് കുറയ്ക്കണം എന്ന നിലപാട് മുന്നോട്ട് വച്ചു. 131 വില്ലേജുകൾ എന്നത് 98 ആയി അത് പ്രകാരം കുറയുകയും ചെയ്തു.
എന്നാൽ 2025 നവംബറിൽ നൽകിയ പ്രസ്തുത ശുപാർശക്കനുസരിച്ച് തെളിവുകൾ നൽകാൻ അന്ന് ഇടതുമുന്നണി സർക്കാരിന് സാധിച്ചില്ല. ആ സ്ഥിതിയിൽ പുതിയ സർക്കാറിൻ്റെ നിലപാട് അറിയുന്നതിനായി കേന്ദ്രസമിതി കഴിഞ്ഞമാസം ജൂലൈ 14ന് കേരളത്തിലെത്തി മുഖ്യമന്ത്രിയെ ഉൾപ്പടെ നേരിട്ട് കണ്ട് ചർച്ച നടത്തി. ഈ ഘട്ടത്തിൽ 2016 ന് ശേഷം കേരളത്തിൻ്റെ വന വിസ്തൃതി 9100 ചതുരശ്ര കിലോമീറ്റർഎന്നത് 11000 ചതുരശ്ര കിലോമീറ്ററിൽ അധികമായി വർദ്ധിപ്പിച്ചതിൻ്റെ സാങ്കേതികത്വം ചൂണ്ടി കാണിക്കപ്പെട്ടു. മുൻ സംസ്ഥാന സർക്കാർ കൂടുതൽ മേഖലകളെ വനമായി രൂപാന്തരപ്പെടുത്തിയതിൻ്റെ ദൂഷ്യ ഫലമാണ് ഈ ഘട്ടത്തിൽ പ്രയാസമായിരിക്കുന്നത്. വനം മാത്രമാണ് ഇഎസ്എ എന്ന് വാദിക്കുമ്പോൾ 11000 ചതുരശ്ര കിലോമീറ്റർ കേരളത്തിൻ്റെ വന വിസ്തൃതിയായി മുൻ സർക്കാർ നിജപ്പെടുത്തിയിരിക്കുന്നതിനാൽ 8507 ചതുരശ്ര കിലോമീറ്റർ ആയി ഇഎസ്എ എന്ന് പുനർ നിശ്ചയിക്കുന്നതെങ്ങനെ എന്ന കൃത്യമായ ചോദ്യത്തിനാണ് പുതിയ യു.ഡി.എഫ് സർക്കാർ മറുപടി കണ്ടെത്തേണ്ടത്.
ഇതിനിടയിൽ ആണ് കേന്ദ്ര സർക്കാർ കാലാവധി കഴിഞ്ഞ കരടു വിജ്ഞാപനം പുതുക്കിയിറക്കിയത്. 60 ദിവസത്തിനുള്ളിൽ ഇതിൻമേൽ ആക്ഷേപമുന്നയിക്കാൻ സമയ പരിധിയും നിശ്ചയിച്ചിരിക്കുകയാണ്.ഈ ഘട്ടത്തിൽ കേരള സർക്കാർ ഉദാരമായ നിലയിൽ പൂർണ്ണമായും ജനവാസ കേന്ദ്രങ്ങളും, കൃഷിസ്ഥലങ്ങളും, തോട്ടങ്ങളും ഒഴിവാക്കി മാത്രമേ ഇ.എസ്.എ യുടെ അന്തിമവിജ്ഞാപനം ഇറക്കാവൂ എന്ന കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിൽ തന്നെയാണ് ഉള്ളത്. ഇക്കാര്യത്തിൽ കൂടുതൽ വിട്ടുവീഴ്ച്ച ചെയ്ത് പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ആ നിലയിൽ കേരളം നൽകുന്ന ശുപാർശകൾ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ പൂർണ്ണ സഹകരണം ഉണ്ടാവണമെന്ന്എം.പിമാരായ കെ. ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ് എന്നിവർ വകുപ്പ് മന്ത്രി ഭുവേന്ദ്ര യാദവിനെ നേരിൽ കണ്ട് നിവേദനം നൽകുകയും ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെ, മറ്റു സംസ്ഥാനങ്ങളുടെ അന്തിമ വിജ്ഞാപനം ഇറക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്ന സാഹചര്യത്തിൽ, കഴിഞ്ഞ 12 വർഷക്കാലമായി കേരളത്തിൻ്റെ മലയോര കാർഷിക മേഖലയെ സാരമായി ബാധിക്കുന്ന പ്രസ്തുത വിഷയത്തിൽ ഗൗരവമായ പരിഹാരത്തിന് സർക്കാരിൻ്റെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.






