ഇടുക്കി: വൈദ്യുതി ഉത്പാദന പ്രസരണ വിതരണ മേഖലയിലെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് മേഖലയെ കൂടുതല്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇടുക്കിയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂലമറ്റം പവര്‍ സ്റ്റേഷനും ഇടുക്കി ഡാമും സന്ദര്‍ശിച്ച ശേഷമായിരുന്നു അവലോകന യോഗം.
കേരളത്തിന്റെ പവര്‍ ഹൗസായ ഇടുക്കി ഡാമിന്റെയും പവര്‍ ഹൗസിന്റെയും പ്രവര്‍ത്തനം അഭിമാനകരമാണ്. ഇടുക്കിയുടെ പ്രത്യേക ഭൂപ്രകൃതി, ഗതാഗത പ്രശ്‌നം തുടങ്ങിയവയെല്ലാം കണക്കിലെടുത്തി ഇടുക്കിക്ക് പ്രത്യേക പരിഗണന നല്‍കും. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണും. ജില്ലയില്‍ വൈദ്യുതി പ്രസരണ വിതരണ രംഗത്ത് പുരോഗമിക്കുന്ന പദ്ധതികള്‍ യോഗത്തില്‍ വിലയിരുത്തി.
1976 ല്‍ ഇടുക്കി വികസന അതോറിറ്റിക്കായി ഏറ്റെടുത്ത ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്തുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് വനം, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇടുക്കിയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. പുതിയ സെക്ഷന്‍ ഓഫീസുകളും സബ് സ്റ്റേഷനുകളും ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കും.
പരിസ്ഥിതി ലോല മേഖലയില്‍ (ഇ.എസ്.എ) നിന്ന് ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിലപാട് കൂടുതല്‍ ശക്തമായി കേന്ദ്രത്തിനു മുന്നില്‍ ഉന്നയിക്കും. ഓരോ സംസ്ഥാനങ്ങളുടെയും വിഷയം പ്രത്യേകമായി പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി സമയബന്ധിതമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദന പ്രസരണ വിതരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. വാഗമണില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന് സിറിയക് തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജനറേഷന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ രാജന്‍ എം.പി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






