Timely news thodupuzha

മുട്ടത്ത് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് അനുവദിക്കുന്നത് പരിഗണിക്കും: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്

തൊടുപുഴ: മുട്ടത്ത് പുതിയ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകി. മൂലമറ്റം പവർഹൗസ് സന്ദർശനത്തിനെത്തിയ മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേതാക്കൾ നിവേദനം നൽകിയപ്പോഴാണ് പ്രതികരണം. സെക്ഷൻ ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ ചെറിയാൻ പൂച്ചക്കുഴി, ഹാരിസ് എ.എ., റെന്നി ചെറിയാൻ, ബാദുഷ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

നിലവിൽ തൊടുപുഴ, മൂലമറ്റം സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് മുട്ടം മേഖല ഉൾപ്പെടുന്നത്. 15 കിലോമീറ്ററോളം അകലെനിന്ന് ജീവനക്കാരെത്തി വേണം ഇവിടെ വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ. ഇത് മണിക്കൂറുകളോളം സമയനഷ്ടത്തിനും ഉപഭോക്താക്കളുടെ ദുരിതത്തിനും കാരണമാകുന്നുണ്ട്.

സാധാരണയായി ഒരു സെക്ഷൻ ഓഫീസിന് കീഴിൽ 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 10,000 ഉപഭോക്താക്കളുമാണ് ഉണ്ടാകേണ്ടത്. എന്നാൽ മൂലമറ്റം സെക്ഷനിൽ 130 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശവും 18,434 ഉപഭോക്താക്കളുമുണ്ട്. മുട്ടം മുതൽ മുത്തിയുരുണ്ടയാർ വരെയും ഈരാറ്റുപേട്ട റോഡിൽ പാണ്ടിയൻമാവ് വരെയുമുള്ള മലയോര മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. മൂലമറ്റം സെക്ഷൻ വിഭജിച്ച് മുട്ടത്ത് പുതിയ ഓഫീസ് ആരംഭിച്ചാൽ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാകും. നിലവിൽ മുട്ടത്തുള്ള ഓവർസിയർ ഓഫീസിൽ ഒരു ഓവർസിയറുടെയും മൂന്ന് ലൈൻമാൻമാരുടെയും സേവനം വൈകുന്നേരം വരെ മാത്രമാണ് ലഭിക്കുന്നത്. അതിനാൽ ആവശ്യത്തിന് ജീവനക്കാരെ ഉൾപ്പെടുത്തി പൂർണ്ണസജ്ജമായ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *