Timely news thodupuzha

കനത്ത മഴയിൽ വട്ടവട കൊട്ടാക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഇടുക്കി: കനത്ത മഴയിൽ വട്ടവട കൊട്ടാക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം.

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മേലെവയൽ കൊട്ടാക്കമ്പൂർ അമ്മൻ കോവിലിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയോടെ ആരംഭിച്ച കനത്ത മഴയ്ക്ക് പിന്നാലെ മൂന്നു മണിയോടെയാണ് അപകടം. മൂന്നു മണിക്കൂറിലേറെ വട്ടവടയിൽ അതിശക്തമായ മഴ തുടർന്നിരുന്നു. കൃഷിയിടത്തിലെ ഷെഡിലാണ് മൂവരും ഉണ്ടായിരുന്നത്. കനത്ത മഴയിൽ നിന്ന് രക്ഷപ്പെടാൻ ഷെഡിലേക്ക് കയറിയിരിക്കുമ്പോൾ സമീപത്തെ കുന്നിൻ ചെരുവിൽ നിന്ന് മണ്ണും പാറക്കല്ലുകളും ഷെഡിന് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. ഷെഡ് പൂർണമായും മണ്ണിനടിയിലായി.

ഒറ്റപ്പെട്ട ഗ്രാമമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ആദ്യം നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. നീണ്ട പരിശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും ഇരുവരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *