കുമളി: 66-ാം മൈലിന് സമീപം കാറും ബസും കൂട്ടിയിടിച്ച് മരിച്ച മൈലപ്ര പുതിയേടത്ത് സാലി തോമസിന്റെ (70) സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 25 വെള്ളിയാഴ്ച നടക്കും. രാവിലെ മൈലപ്രയിലുള്ള വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 10.30-ഓടെ മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിലാണ് സംസ്കാരം.പത്തനംതിട്ടയിൽ നിന്നും വേളാങ്കണ്ണി തീർത്ഥാടനത്തിന് പോയ അഞ്ചംഗ സംഘമാണ് കുമളിയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇടിച്ച ബസ് നിർത്താതെ തോറ്റുപാറ ഭാഗത്തേക്ക് പോയി. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാലി തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ മറ്റ് നാല് പേരും ചികിത്സയിലാണ്. സംഭവത്തിൽ കുമളി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സാലി തോമസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മൈലപ്ര ഗ്രാമം.






