ഇടുക്കി: വന്യമൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാതകളിലെ തടസങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ കലക്ടറുമായ ഡോ.ദിനേശൻ ചെറുവാട്ട് പുറപ്പെടുവിച്ച പുതിയ ഉത്തരവ് വിവാദത്തിലേക്ക്. സെപ്റ്റംബർ 23-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം വനമേഖലയിലും വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും ആവശ്യമായ അനുമതികളില്ലാതെ സ്ഥാപിച്ചിട്ടുള്ള വേലികള്‍, മതിലുകള്‍, അനധികൃത കെട്ടിടങ്ങള്‍ എന്നിവ കണ്ടെത്തി അടിയന്തരമായി പൊളിച്ചുനീക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.റെവന്യൂ, ഫോറസ്റ്റ്, തദ്ദേശസ്വയംഭരണം, സർവേ എന്നീ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി വന്യജീവികളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന നിർമ്മാണങ്ങള്‍ പൊളിച്ചുമാറ്റാനാണ് 2005-ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 30 (2) (വി) പ്രകാരം ചുമതലപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ 19 ന് ചേർന്ന യോഗത്തില്‍, ഇടുക്കിയില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യർ മരണപ്പെടാൻ പ്രധാന കാരണം സ്വാഭാവിക പാതകളില്‍ മനുഷ്യൻ ഉണ്ടാക്കിയ തടങ്ങളാണെന്ന് ഫോറസ്റ്റ് ചീഫ് കണ്‍സർവേറ്റർ വിലയിരുത്തിയിരുന്നു. 2026-ല്‍ മാത്രം കാട്ടാന ആക്രമണം മൂലം ആറ് മരണങ്ങള്‍ സംഭവിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിവാദമായ ഉത്തരവ്.എന്നാല്‍, ഈ ഉത്തരവിനെതിരെ പ്രദേശവാസികളില്‍ നിന്നും ശക്തമായ എതിർപ്പാണ് ഉയരുന്നത്. കർഷക പ്രമുഖർ ഉള്‍പ്പെടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നത്, ജനങ്ങളുടെ സ്വകാര്യ ഭൂമികളിലും കൈവശഭൂമികളിലും സ്ഥാപിച്ചിട്ടുള്ള വേലികളും മതിലുകളും പൊളിച്ചുനീക്കാനുള്ള നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ്.ഭരണഘടനയുടെ ആർട്ടിക്കിള്‍ 300 എ അനുസരിച്ച് വ്യക്തികളുടെ സ്വകാര്യ സ്വത്തും ഭൂമിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വന്യമൃഗങ്ങളെ വനാതിർത്തിയില്‍ തന്നെ തടയാൻ വേണ്ട സുരക്ഷാ വേലികള്‍ കെട്ടുന്നതിന് പകരം, ജനവാസ മേഖലകളിലെയും പ്രൈവറ്റ് ഹോള്‍ഡിംഗ്സുകളിലെയും നിർമ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നത് കർഷകരുടെയും പ്രദേശവാസികളുടെയും അവകാശങ്ങളെ ലംഘിക്കലാകുമെന്ന് ഇവർ വാദിക്കുന്നു.വനമേഖലയോട് ചേർന്ന് കഴിയുന്ന സാധാരണക്കാരായ മനുഷ്യരുടെ സുരക്ഷയും സ്വത്തവകാശവും ഉറപ്പുവരുത്താതെ ഇറക്കുന്ന ഇത്തരം ദുരന്തനിവാരണ ഉത്തരവുകള്‍ കൂടുതല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഉത്തരവിനെതിരെ സിപിഎമ്മും രംഗത്തുവന്നിട്ടുണ്ട്.
ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ കലക്ടറുമായ ഡോ.ദിനേശൻ ചെറുവാട്ട് പുറപ്പെടുവിച്ച പുതിയ ഉത്തരവ് വിവാദത്തിലേക്ക്






