മുവാറ്റുപുഴ: കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ വിദ്യാലയങ്ങളിലെ അധ്യാപകർക്കായുള്ള വാർഷിക സെമിനാറും മികച്ച അധ്യാപകർക്കും വിദ്യാലയങ്ങൾക്കുമുള്ള പുരസ്കാര വിതരണവും നടന്നു.
കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടതിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ അധ്യക്ഷനായ ചടങ്ങിന് രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. മാത്യു എം. മുണ്ടയ്ക്കൽ സ്വാഗതവും വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ അധ്യാപകൻ ഫാ. വർക്കി മണ്ഡപത്തിൽ നന്ദിയും പറഞ്ഞു.

സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ റ്റി. കെ. ജോസ്, ഉപഭോക്തൃ കോടതി ജഡ്ജ് അഡ്വ. ഡി. ബി. ബിനു എന്നിവർ സെമിനാർ നയിച്ചു.
കോതമംഗലം രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ 2022-23 അധ്യയന വർഷത്തെ മികച്ച അധ്യാപകർക്കും വിദ്യാലയങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ കോതമംഗലം ബിഷപ്പ് മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ വിതരണം ചെയ്തു.
എൽ പി വിഭാഗം മികച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം കാളിയാർ സെന്റ് മേരീസ്, ചിറ്റൂർ ലിറ്റിൽ ഫ്ലവർ എന്നീ വിദ്യാലയങ്ങൾ നേടി.
യൂ പി വിഭാഗം മികച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം പൈങ്കുളം സെന്റ് തോമസ്, പെരിങ്ങഴ സെന്റ്. ജോസഫ്സ് എന്നീ വിദ്യാലയങ്ങൾ നേടി.
മികച്ച ഹൈസ്കൂളുകളായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ്, പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എന്നീ വിദ്യാലയങ്ങൾ പുരസ്കാരം നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ കോതമംഗലം സെന്റ്. ജോർജ്സ്, കല്ലാനിക്കൽ സെന്റ് ജോർജ്സ് എന്നീ വിദ്യാലയങ്ങളും പുരസ്കാരം നേടി.

മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള പുരസ്കാരം മുതലക്കോടം സെന്റ് ജോർജ്സ് പ്രിൻസിപ്പൽ ജിജി ജോർജ്, മികച്ച ഹൈസ്കൂൾ അധ്യാപകനായി കരിമണ്ണൂർ സെന്റ് ജോസഫ്സ് അധ്യാപകൻ ജോളി എം. മുരിങ്ങമറ്റം, യു. പി വിഭാഗത്തിൽ പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് ഹെഡ്മാസ്റ്റർ പി ജെ ബെന്നി, എൽ. പി. വിഭാഗത്തിൽ ആനിക്കാട് സെന്റ് ആന്റണിസ് എൽ പി ഹെഡ്മാസ്റ്റർ ജിജി ജേക്കബ്, മികച്ച അനധ്യാപകനായി കലൂർ സെന്റ് ജോസഫ്സ് യു പി സ്കൂൾ ക്ലാർക്ക് സി എസ് ജോർജ് എന്നിവർ പുരസ്കാരങ്ങൾ നേടി.
ഇതോടൊപ്പം രൂപതാ തലത്തിൽ വേദപാഠം, സന്മാർഗപാഠം എന്നീ വിഷയങ്ങൾക്ക് നാല്, ഏഴ്, പത്ത് ക്ലാസുകളിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർഥികളെ രൂപതാ വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ ആദരിച്ചു.






