ചെറുതോണി: സ്‌ത്രീ സമൂഹത്തിന്റെ സംഘടിതമായ മുന്നേറ്റം കാലഘട്ടത്തിന് അനിവാര്യമാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചെറുതോണി ടൗൺ ഹാളിൽ നടന്ന വനിതാ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ പുരുഷാധിപത്യം അരങ്ങു വാഴുകയാണ്.ഇതിനെതിരെ സ്ത്രീകൾക്കിടയിൽ നിന്ന് തന്നെ ശബ്ദമുയരുകയും മുന്നേറ്റമുണ്ടാകുകയും ചെയ്യണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമണങ്ങൾ ഭീതിജനകമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ഭേദമന്യേ വനിതാ സംഘടനകൾ ജാഗരൂകമായിരിക്കണം. ഭർത്താവിന്റെ ഇംഗിതമനുസരിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഉത്തമ ഭാര്യ എന്ന സങ്കല്പത്തെ പൊളിച്ചെഴുതണം. എന്നാൽ മനുവിന്റെ ദർശനങ്ങളെ പിൻതുടരുന്ന കാഴ്ചയാണ് നിലവിൽ സമൂഹത്തിലുള്ളത്. അക്രമങ്ങളെയും പുരുഷാധിപത്യത്തെയും നേരിടാനുള്ള ആർജ്ജവം സ്ത്രീകൾ സൃഷ്ടിച്ചെടുക്കണം. ആണും പെണ്ണുമടങ്ങുന്ന ലോകത്തിന് ഒരേ അവകാശമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.