കൊച്ചി: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. നറുക്കെടുപ്പ് സമയത്ത് ശ്രീകോവിലിന് മുന്നില്‍ തിക്കും തിരക്കും ഉണ്ടായ സാഹചര്യത്തിലാണ് വിമര്‍ശനം.
നറുക്കെടുപ്പിന്റെ നടപടിക്രമങ്ങളില്‍ പങ്കാളികള്‍ അല്ലാത്തവരെ സോപാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് വിര്‍ശനം ഉന്നയിച്ചത്. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും.
അതേസമയം ഹൈക്കോടതി വിൽപ്പന തടഞ്ഞതിനെ തുടർന്ന് ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുമതി നൽകി.
സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടത്. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ 6.65 ലക്ഷം ടിന്‍ അരവണയാണ് കെട്ടിക്കിടക്കുന്നത്.
ജനുവരി മുതല്‍ അരവണ ടിന്നുകള്‍ ശബരിമലയിലെ വിവിധ ഗോഡൗണുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ ഉൽപ്പാദിപ്പിച്ച ശേഷം രണ്ടുമാസം കഴിഞ്ഞ സാഹചര്യത്തില്‍ അരവണ വില്‍ക്കില്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു.





