Timely news thodupuzha

ആര്യാടൻ മുഹമ്മദ് അന്തരിച്ചു ; വിട പറഞ്ഞത് കോൺഗ്രസിലെ അതികായൻ

കോഴിക്കോട് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലമ്പൂർ മണ്ഡലത്തിൽ നിന്നാണ് എട്ട് തവണ നിയമസഭാംഗമായത്. 

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌കാരം നാളെ രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍. ഭാര്യ പി.വി.മറിയുമ്മ. മക്കള്‍: അന്‍സാര്‍ ബീഗം, ഷൗക്കത്ത് (നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷന്‍), കദീജ, ഡോ.റിയാസ് അലി(പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് അസ്ഥി രോഗ വിദഗ്ദന്‍). മരുമക്കള്‍: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദന്‍, മസ്‌കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ന്യൂറോളജിസ്റ്റ്), സിമി ജലാല്‍.

Leave a Comment

Your email address will not be published. Required fields are marked *