അഹങ്കാര പിത്തലാട്ടങ്ങളും ദുരയും താന്തോന്നിത്തവും തെമ്മാടിത്തവും നവോത്ഥാന ലക്ഷണങ്ങളാകുമ്പോൾ നമ്മൾ അറിയാതെ ചോദിച്ചു പോകുന്ന ചില കാര്യങ്ങളുണ്ട് – എവിടെയാണ് പിഴച്ചത്? എവിടെ വച്ചാണ് യാത്രയുടെ വഴി തെറ്റിയത്? ഇനി തിരുത്താൻ കഴിയാത്തവണ്ണം നമ്മുടെ ദിശാബോധം മാറിപ്പോയാ? ദീപമേ, നയിച്ചാലും! എന്നു പറയുകയും വഴിവിളക്കുകൾ ഊതിക്കെടുത്തുകയും ചെയ്തിട്ട് എത്ര കാലമായി?
ഐക്യ കേരളം സൃഷ്ടിച്ച നല്ല മനുഷ്യരെ വേദനിപ്പിക്കുകയും അവരെ നടതള്ളുകയും ചെയ്തതിന്റെ നന്ദികേട് ഒരു ശാപമായി നമ്മുടെ മേൽ പതിച്ചിട്ടില്ലേ?കെ.കേളപ്പൻ, വിഷ്ണുഭാരതീയൻ, കെ.എ. കേരളീയൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്, കെ.പി.ആർ. ഗോപാലൻ, സി.കെ.ഗോവിന്ദൻ നായർ, മൊയ്തു മൗലവി, വി.ടി.ഭട്ടതിരിപ്പാട്, എൻ.സി. ശേഖർ, പി.കേശവദേവ്, എം.ആർ.ബി, എം.പി. മന്മഥൻ, എൻ.വി.കൃഷ്ണവാര്യർ തുടങ്ങിയവരെ ഇന്ന് ആരോർക്കുന്നു?എന്തിനോർക്കുന്നു? അവരെക്കൊണ്ട് കമ്പോള യുഗത്തിൽ എന്തു പ്രയോജനം?
കേളപ്പനല്ലേ, കേരളീയൻ?
കഴിഞ്ഞ ദിവസം അരങ്ങേറിയ നവോത്ഥാന ഹർത്താൽ ദിവസം കെ. കേളപ്പൻ എന്ന കേരള ഗാന്ധിയുടെ നാട്ടിലൂടെ സഞ്ചരിക്കാൻ ഭാഗ്യമോ, നിർഭാഗ്യമാ ഉണ്ടായി. കേളപ്പജിയുടെ പ്രവർത്തനങ്ങൾ കൊണ്ടു ധന്യമായ മലപ്പുറത്തെ തവനൂരിൽ ഇന്ന് അദ്ദേഹത്തെ ഓർമിക്കുന്നവർ വിരളം!
കേളപ്പനും കേരളീയനും ഒരാളാണെന്ന് ധരിച്ച ഒരു അഭ്യസ്തവിദ്യന്റെ കാര്യം എന്തു പറയാനാണ്! കേളപ്പൻ എന്നത് ഒരു മിമിക്രി കഥാപാത്രമായി മാറിയാലും അദ്ഭുതപ്പെടാനില്ല! രാഹുലിന്റെ മഹാ യാത്രയിൽ കേളപ്പജിയെക്കുറിച്ച് അദ്ദേഹത്തിന് ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു!
ഗാന്ധിജിയുടെ പ്രിയ പുത്രൻ
കേളപ്പനെ നമ്മൾ മറന്നെകിലും ചരിത്രത്തിൽ അദ്ദേഹം നിറഞ്ഞു നിൽക്കുന്നുണ്ട്. മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹ്യദയസ്പന്ദനമായിരുന്നു കേളപ്പൻ. ഗാന്ധിഭാരതത്തിന്റെ മഹാവീരചക്രം ആ പുണ്യ ഗുരുവിന്റെ പാദങ്ങളിലായിരുന്നു സമർപ്പിക്കപ്പെടേണ്ടിയിരുന്നത്.
‘കേരള ഗാന്ധി’ എന്ന് വിഖ്യാതനായ കേളപ്പന്റെ നേതൃത്വത്തിലാണ് ഇവിടെ ദേശീയ പ്രസ്ഥാനം ശക്തിപ്രാപിച്ചത്. 1947 ഏപ്രിലില് അദ്ദേഹത്തിന്റെ അധ്യക്ഷതയിലായിരുന്നു തൃശൂരില് വച്ച് ഒരു ഐക്യകേരള സമ്മേളനം ചേര്ന്നതും ഐക്യകേരളം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും.
ഗുരുവായൂരും വൈക്കത്തും സത്യഗ്രഹം സംഘടിപ്പിച്ച ഈ മനുഷ്യനു കരുത്തു പകർന്ന എ.കെ ഗോപാലൻ നമ്പ്യാരാണ് പിന്നീട് എകെജി എന്ന് പ്രസിദ്ധനായത്. ഗുരുവായൂർ സത്യഗ്രഹ വൊളന്റിയർ സംഘത്തിൽ പ്രവർത്തിച്ച എകെജി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു വന്നതിന് കേളപ്പജിയും ഒരു കാരണമായിരുന്നു.
കേളപ്പജിയോട് നമ്മൾ ചെയ്തത്!
കോഴിക്കോട് നിന്ന് പയ്യന്നൂർ വരെ നടത്തിയ ഉപ്പു സത്യാഗ്രഹ യാത്രയിലൂടെ കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായി ഉയർന്ന കേളപ്പജി സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം, കെപിസിസി പ്രസിഡന്റായെങ്കിലും ഫലമുണ്ടായില്ല. പുതിയ അധികാര കേന്ദ്രങ്ങളുടെ ഉദയം പഴയ സൂര്യന്റെ ശോഭ കെടുത്തി. അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായുണ്ടായ ഐക്യ കേരളത്തറവാട്ടിൽ നിന്ന് നമ്മൾ ആ മനുഷ്യനെ തുരത്തിയോടിച്ചു.
കേളപ്പജി മലബാർ ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ച കാലത്താണ് 1968 ൽ അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പുനർനിർമിച്ചത്. അദ്ദേഹം അനഭിമതനായി മാറുന്നതിന് ഇതും ഒരു കാരണമായി. പതിറ്റാണ്ടുകളായി അദ്ദേഹം അനുഷ്ഠിച്ചു പോന്നിരുന്ന ത്യാഗവും വിശുദ്ധിമാർഗവും അവഗണിക്കപ്പെട്ടു. അപമാന ശരങ്ങളേറ്റ് ആ ഗാന്ധിശിഷ്യൻ ഏകനായി നടന്നു മറഞ്ഞു. നിളാതീരത്തെ സമാധി ഭൂമി പോലും തിരിച്ചറിയാനാവാതെ അന്യാധീനമായ അവസ്ഥയുണ്ടായി!
ഈ ഒക്റ്റോബർ ഏഴ് കേളപ്പജിയുടെ ചരമ വാർഷിക ദിനമാണ് എന്ന കാര്യം ചിലരെങ്കിലും സ്മരിച്ചെങ്കിൽ ഭാഗ്യം! തവനൂരിലെ അദ്ദേഹത്തിന്റെ പഴയവീടിനു മുമ്പിൽ ഒരു ബോർഡ് പോലുമില്ല! കേളപ്പന്റെ പേരിലുള്ള കാർഷിക സർവകലാശാലയുടെ സ്ഥാപനത്തിന്റെ കഥയാണെങ്കിൽ പറയാതിരിക്കുകയാണ് ഭേദം! ഒക്കെ നാനാവിധമാണ്!
കേരളീയൻ ആരായിരുന്നു?
കേളപ്പനും കേരളീയനും ഒരാളാണെന്ന് വിചാരിക്കുന്നവരുടെ നാടാണിത്. ഈ രണ്ടു മനുഷ്യരെക്കുറിച്ചു കേട്ടിട്ടു പോലുമില്ലാത്തവർ കേളപ്പജിയുടെ നാട്ടിൽപ്പോലുമുണ്ട്! വിഷ്ണു ഭാരതീയന്റെ കാര്യം പറയാനുമില്ല! സ്വാതന്ത്ര്യസമര കാലത്ത് കണ്ണൂരിൽ ബ്രിട്ടിഷുകാർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ രണ്ടു നേതാക്കളായിരുന്നു കണ്ണൂർ തളിപ്പറമ്പിലെ വിഷ്ണു നമ്പീശനും
കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാരും. കോടതിയിൽ പേരു ചോദിച്ചുപ്പാൾ നമ്പീശൻ പറഞ്ഞത് താൻ ഭാരതീയനാണ് എന്നായിരുന്നു. കുഞ്ഞപ്പ നമ്പ്യാരാകട്ടെ, കേരളീയനുമായി.
കേരളത്തിൽ ആദ്യമായി കർഷക സംഘം രൂപീകരിച്ച വിഷ്ണുഭാരതീയന്റെ അവസാന കാലം ദാരിദ്ര്യവും രോഗങ്ങളും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. ആ ജീവിതം ഒരു സിനിമാക്കഥ പോലെ തോന്നും. കേരളീയനും പല കാരണങൾ മൂലം വിസ്മൃതനായി.
നന്ദികേടിന്റെ നവോത്ഥാന വഴികൾ
ആദ്യം പരാമർശിക്കപ്പെട്ട മൊയ്തു മൗലവി, കെ.പി.ആർ. ഗോപാലൻ, വി.ടി.ഭട്ടതിരിപ്പാട്, എം.ആർ.ബി തുടങ്ങിയവരുടെ കഥകളും മറിച്ചല്ല. ഐക്യകേരള കൺവെൻഷനിൽ പ്രമേയം അവതരിപ്പിച്ച ഇ. മൊയ്തു മൗലവിയെ ഓർമയുണ്ടോ? അവസാന കാലത്ത് അദ്ദേഹത്തെ പലരും സ്വാർഥതാത്പര്യങ്ങൾക്കായി വിഗ്രഹമാക്കി കൊണ്ടുനടന്നെന്നു മാത്രം.
മലയാളി സമൂഹത്തിന്റെ അപചയങ്ങൾക്കു മുമ്പിൽ നിസ്സഹായനായിപ്പോയ വി.ടി. ഭട്ടതിരിപ്പാടിന് മൂലയിലൊതുങ്ങാനായിരുന്നു യോഗം. ഒരു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വി.ടിയെ സംഘാടകർ പോലും തിരിച്ചറിഞ്ഞില്ല.
പി. കേശവദേവിനെയും സോഷ്യലിസ്റ്റ് നേതാവ് എന്ന നിലയിൽ പൊതു സമൂഹം പരിഗണിച്ചില്ല. എൻ.സി. ശേഖറിന്റെയും കെ.പി.ആർ ഗോപാലന്റെയും അവസാന നാളുകളും നമ്മൾ മറന്നിട്ടില്ല.
കമ്യൂണിസ്റ്റു നേതാവും പടപ്പാട്ടുകാരനുമായിരുന്ന സുബ്രഹ്മണ്യം തിരുമുമ്പ് നേരത്തേ തന്നെ രാഷ്ട്രീയം മതിയാക്കി കീർത്തനരചനയിലേക്കു തിരിയുകയായിരുന്നു. തന്നെ എല്ലാവരും മറന്നു എന്നറിഞ്ഞിട്ടും തെല്ലും പരിഭവമില്ലാതെ ഭക്തി സാഗരത്തിൽ മുങ്ങിയും പൊങ്ങിയും ആ ആത്മാവ് അവധൂതനെപ്പോലെ വിട പറഞ്ഞു.
പാദസ്പർശം ക്ഷമസ്വമേ:
ഗുണനിധികളായിരുന്ന ഇവരുടെ മനസിന്റെ മൗനനൊമ്പരം ഭൂമിയെ പൊള്ളിക്കാതിരിക്കുമോ?
ആകാശമേഘങ്ങളെ വീഴ്ത്താതിരിക്കുമോ? തീ മഴകളെ പെയ്യിക്കാതിരിക്കുമോ?
ഈ താപം ആസുരമായ കാലത്തിന്റെ രൂപത്തിൽ നമ്മുടെ തലയിൽ പതിക്കാതിരിക്കണമെങ്കിൽ നമ്മൾ മദ-മാത്സ്യരങ്ങൾ കളഞ്ഞ് പഴയ നന്മകളുടെ തണലിൽ നിലകൊണ്ടു പുതിയ
വെല്ലുവിളികളെ നേരിടണം. ‘പാദസ്പർശം ക്ഷമസ്വമേ:’ – എന്നു ഭൂമയോടു
പ്രാർഥിക്കാനുള്ള കാരുണ്യവും കരുതലും ഉണ്ടാകണം. വാളിനും കത്തിക്കും പെട്രോൾ ബോംബിനും അപ്പോൾ സ്ഥാനമില്ലാതാവും. പകയും പുകയും താനെ ഇല്ലാതാവും. ഇരുൾ മാറി വെളിച്ചം പ്രകാശിക്കും.
“എന്തു നേടി? എന്നറിയില്ലിന്നിളം
തലമുറ പക്ഷെ, എന്തു
നഷ്ടപ്പെടാനുണ്ടെന്നറിഞ്ഞേ പറ്റൂ’ – എന്നാണല്ലോ ഇടശ്ശേരി പാടിയത്.