Timely news thodupuzha

റഷ്യയുടെ നയം മാറ്റം; ആണവയുധ ഭീതിയിൽ ലോകം

മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യ നയം മാറ്റിയതോടെ ലോകം ആണവയുധ ഭീതിയിൽ. ആണവായുധ പ്രയോഗമുൾപ്പെടെ ആക്രമണങ്ങൾക്ക് കരുതിയിരിക്കണമെന്നും ഭക്ഷ്യവസ്തുക്കൾ കരുതിവയ്ക്കണമെന്നും നാറ്റോ രാജ്യങ്ങൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിത്തുടങ്ങി.

സ്വീഡനും ഫിൻലൻഡും നോർവെയുമടക്കം രാജ്യങ്ങളാണ് മുൻകരുതലെടുത്ത് തുടങ്ങിയത്. മറ്റ് രാജ്യങ്ങളും സമാന നടപടികൾക്കുള്ള തയാറെടുപ്പിലാണ്. യുദ്ധം 1000 ദിവസം പിന്നിടുകയും ദീർഘദൂര മിസൈലുകളുടെ ഉപയോഗത്തിന് യുഎസിലെ ജോ ബൈഡൻ ഭരണകൂടം യുക്രെയ്‌ന് അനുമതി നൽകുകയും ചെയ്തതാണു ലോകരാജ്യങ്ങളെ, പ്രത്യേകിച്ച് യൂറോപ്പിനെ ആണവായുധ ഭീഷണിയിലാക്കിയത്.

യു.എസിൻറെ പ്രകോപനത്തിന് പിന്നാലെ റഷ്യ ആണവ നയം മാറ്റുകയായിരുന്നു. തങ്ങൾക്കെതിരേ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ ആണവശക്തികളുടെ പിന്തുണയോടെയാണെങ്കിൽ തിരിച്ച് ആണവായുധം പ്രയോഗിക്കുമെന്നാണ് റഷ്യയുടെ പുതിയ നയം.

ഡ്രോൺ ആക്രമണങ്ങളുൾപ്പെടെയുള്ളവയ്ക്കും ആണവായുധം കൊണ്ട് തിരിച്ചടി നൽകാൻ നിർദേശിക്കുന്ന നയത്തിന് പ്രസിഡൻറ് വ്ലാഡിമിർ പുടിൻ അംഗീകാരം നൽകി. യു.എസ് നിർമിതമായ ആറ് ദീർഘ ദൂര മിസൈലുകൾ ഇന്നലെ റഷ്യയിലെ ബ്രയാൻസ്കിലേക്ക് യുക്രെയ്‌ൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തതോടെ യുദ്ധം കൂടുതൽ അപകടകരമാകുമെന്ന ഭീതി കനത്തു.

മിസൈലുകൾ റഷ്യൻ സേന വെടിവച്ചിട്ടെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനിടെയാണ് പൗരന്മാരോട് കരുതിയിരിക്കാൻ നിർദേശിച്ച് സ്വീഡനും ഫിൻലൻഡും നോർവെയും ലഘുലേഖകൾ വിതരണം ചെയ്തത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇത് അഞ്ചാം തവണയാണ് ആണവ ഭീഷണിക്കെതിരെ ജാഗ്രതാ നിർദേശം.

Leave a Comment

Your email address will not be published. Required fields are marked *