Timely news thodupuzha

‌പാളം മുറിച്ച് പ്ലാറ്റ് ഫോമിലേക്ക് കയറുന്നതിനിടയിൽ ട്രെയിനിടിച്ച് വിദ്യാർത്ഥി മരിച്ചു

കൊല്ലം: ‌പാളം മുറിച്ച് പ്ലാറ്റ് ഫോമിലേക്ക് കയറുന്നതിനിടയിൽ ട്രെയിനിടിച്ച്‌ പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മയ്യനാട് റെയിൽവേ സ്റ്റേഷനിൽ കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടമുണ്ടായത്.

മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി – ലീജ ദമ്പതികളുടെ മകളുമായ എ ദേവനന്ദയാണ് മരിച്ചത്(17).

ബുധനാഴ്ച വൈകിട്ട് നാലരയോടെ സ്‌കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം. നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിൻ മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

എഞ്ചിന് മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയിൽനിന്നും തിരുവനന്തപുരത്തേക്കു പോകുന്ന നേത്രാവതി എക്‌സ്പ്രസ് എത്തിയത്.

മറ്റൊരു സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്. സുഹൃത്തുക്കൾ സഹപാഠിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി. തുടർന്ന് ദേവനന്ദയെ കയറ്റാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ചാത്തന്നൂർ ഭാഗത്തേക്കു പോകുന്ന കുട്ടികൾ സാധാരണ മയ്യനാട് ചന്തമുക്കിൽ നിന്നാണ് വീട്ടിലേക്കുള്ള ബസ് കയറുന്നത്.

പാളത്തിന് അരികിലൂടെ ബസിൽ കയറാൻ ചന്തമുക്കിലേക്ക് എത്തുമ്പോഴാണ് അപകടം. കുട്ടികൾ ട്രെയിനിന് മുന്നിൽപ്പെട്ടതറിഞ്ഞ് പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റ് നിർത്താതെ ഹോൺ അടിച്ചെങ്കിലും ഫലമുണ്ടായില്ല. ട്രെയിനിൻറെ ഹോണിനൊപ്പം എതിർ വശത്ത് നിന്നും ട്രെയിൻ പാഞ്ഞെത്തിയപ്പോൾ ഭയപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ.

Leave a Comment

Your email address will not be published. Required fields are marked *