ന്യൂഡൽഹി: മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയ്ക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ. മഹാരാഷ്‌ട്രയിലെ എൻ.ഡി.എയുടെ രൂപമായ മഹായുതിക്ക് ഭൂരിപക്ഷം എക്സിറ്റ്പോളുകളും ഭരണത്തുടർച്ച പ്രവചിച്ചു.
ഝാർഖണ്ഡിൽ ജെ.എം.എം നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയും ബി.ജെ.പി സഖ്യവുമായി കടുത്ത പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. എന്നാൽ, ബി.ജെ.പി സഖ്യത്തിന് മേൽക്കൈയുണ്ടെന്നും ഭരണം നേടുമെന്നും ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നു.
അതേസമയം, മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിക്കും ഝാർഖണ്ഡിൽ ജെ.എം.എം സഖ്യത്തിനും ചില എക്സിറ്റ്പോളുകൾ മേൽക്കൈ നൽകുന്നുണ്ട്.
മഹാരാഷ്‌ട്രയിൽ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയാകുമെന്നാണു പ്രവചനം. ബുധനാഴ്ച വോട്ടെടുപ്പ് പൂർത്തിയായ ഉടനാണ് എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവിട്ടത്.
നേരത്തേ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും കോൺഗ്രസിനാണു വിജയം പ്രവചിച്ചിരുന്നത്. എന്നാൽ, വോട്ടെണ്ണിയപ്പോൾ ബി.ജെ.പി അപ്രതീക്ഷിത വിജയം നേടി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 350നു മേൽ സീറ്റുകൾ പ്രവചിച്ചിരുന്നു എക്സിറ്റ് പോളുകൾ. പക്ഷേ, അന്തിമ ഫലം വന്നപ്പോൾ എൻ.ഡി.എ 293ലേക്ക് ചുരുങ്ങി.
എക്സിറ്റ് പോൾ ഫലങ്ങൾ – മഹാരാഷ്‌ട്ര: ആകെ സീറ്റ് 288, കേവല ഭൂരിപക്ഷത്തിന് 145. 1. പി മാർക്: മഹായുതി 137-157, എംവിഎ 126-146, മറ്റുള്ളവർ 2-8, 2. മാട്രിസ്: മഹായുതി 150-170, എംവിഎ 10-130, മറ്റുള്ളവർ 8-10, 3. ചാണക്യ സ്ട്രാറ്റജീസ്: മഹായുതി 152-160, എംവിഎ 130-138, മറ്റുള്ളവർ 6-8, 4. പീപ്പിൾസ് പൾസ്: മഹായുതി 175-195, എംവിഎ 85-112, മറ്റുള്ളവർ 7-12, 5. ലോക്നീതി മറാഠി രുദ്ര: മഹായുതി 128-142, എംവിഎ 125-140, മറ്റുള്ളവർ 18-23, 6. പോൾ ഡയറി: മഹായുതി 122-186, എംവിഎ 69-121, മറ്റുള്ളവർ 12-29, 7. ജെവിസി: മഹായുതി159, എംവിഎ 116, മറ്റുള്ളവർ 13, 8. സീനിയ: മഹായുതി 129-159, എംവിഎ 124-154, മറ്റുള്ളവർ 0-10, 9. ദൈനിക് ഭാസ്കർ: മഹായുതി 125-140, എംവിഎ 135-150, മറ്റുള്ളവർ 20-25
ഝാർഖണ്ഡ്: ആകെ സീറ്റ് 81, കേവല ഭൂരിപക്ഷത്തിന് 41. 1. മാട്രിസ്: എൻഡിഎ 42-47, ജെഎംഎം- കോൺ. 25-30, മറ്റുള്ളവർ 1-4, 2. ജെവിസി: എൻഡിഎ 40-44, ജെഎംഎം- കോൺ 30-40., മറ്റുള്ളവർ 0-1, 3. പീപ്പിൾസ് പൾസ് : എൻഡിഎ 44-53, ജെഎംഎം- കോൺ 25-37., മറ്റുള്ളവർ 5-9, 4. ചാണക്യ സ്ട്രാറ്റജീസ്: എൻഡിഎ 45-50, ജെഎംഎം- കോൺ.35-38, മറ്റുള്ളവർ 3-5, 5. പിമാർക്: എൻഡിഎ 31-40, ജെഎംഎം- കോൺ.37-47, മറ്റുള്ളവർ 1-6, 6. ആക്സിസ് മൈ ഇന്ത്യ : എൻഡിഎ 25, ജെഎംഎം- കോൺ.53, മറ്റുള്ളവർ 3, 7. ദൈനിക് ഭാസ്കർ: എൻഡിഎ 37-40, ജെഎംഎം- കോൺ. 36-39, മറ്റുള്ളവർ 0.