പാലക്കാട്: രാജ്യത്ത് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതു പക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്‍റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിട്ടു നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം പാലക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് തുടങ്ങിവെച്ച ജനദ്രോഹ നയങ്ങളുടെ തുടർച്ചയാണ് ബി.ജെ.പി സർക്കാർ പിൻതുടരുന്നത്. ഇത്തരം നയങ്ങൾ തകർക്കുന്നത് സാധാരണക്കാരന്‍റെ ജീവിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല സംസ്ഥാനത്ത് ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ സ്വരമാണെന്നും അദ്ദേഹം വിമർശിച്ചു.





