Timely news thodupuzha

ഏറ്റുമാനൂരിൽ തട്ടുകടയിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

കോട്ടയം: ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തർക്കത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദാണ്(44) മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ്ജാണ്(27) അക്രമം നടത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കാരിത്താസ് ജം‌ഗ്ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദ് ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയതായിരുന്നു. കടയിൽ ജിബിൻ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ചോദ്യം ചെയ്യുകയും പിന്നാലെ അക്രമി സംഘവുമായി തർക്കമുണ്ടായി.

ശ്യാം അക്രമി സംഘത്തിൻറെ വീഡിയോ എടുക്കാൻ തുടങ്ങിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്യാം പ്രസാദിനെ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സി.ഐ കെ.എസ് ഷിജിയാണ് അക്രമി സംഘത്തെ പിടിച്ചു മാറ്റി ആശുപത്രിയിൽ എത്തിച്ചത്.

ഇതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂർ പൊലീസ് ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാവിലെ 4 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *