തിരുവനന്തപുരം: ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപെയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷം കൊണ്ടു തന്നെ ജനങ്ങളിലെ കാന്‍സര്‍ രോഗ സാധ്യത കണ്ടെത്താനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും ചികിത്സ തേടുന്നതിനും തയാറാകുന്നില്ല.
കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപെയിന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തുടങ്ങി നാടിന്‍റെ എല്ലാ കേന്ദ്രങ്ങളേയും സഹകരിപ്പിച്ചാണ് ക്യാംപെയിന് സംഘടിപ്പിക്കുക.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സ്തനാര്‍ബുദം കാരണമുള്ള മരണം കൂടുതലായി കാണുന്നു. സ്ത്രീകളിലുണ്ടാകുന്ന കാന്‍സറുകള്‍ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. ഇത് തിരിച്ചറിഞ്ഞാണ് ക്യാംപെയിന്റെ ആദ്യഘട്ടം സ്ത്രീകള്‍ക്കായി മാറ്റിവച്ചത്.
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് അവസാനിക്കും വിധമാണ് ആദ്യഘട്ട ക്യാംപെയിന് വിഭാവനം ചെയ്തിട്ടുള്ളത്. സ്തനാര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംവിധാനമൊരുക്കും. ഒരു ജില്ലാതല അല്ലെങ്കില്‍ താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ് സ്മിയര്‍ പരിശോധനയ്ക്കുള്ള സംവിധാനമൊരുക്കും.
ആദ്യഘട്ടത്തില്‍ എട്ട് ആശുപത്രികളില്‍ മാമോഗ്രാം സംവിധാനം നടപ്പിലാക്കി. ഇതിന് പുറമെയാണ് ജനകീയ ക്യാംപെയിന് ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജ്, റവന്യൂ മന്ത്രി കെ. രാജന്‍, നടി മഞ്ജു വാര്യര്‍, നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എമാരായ ആന്‍റണി രാജു, വി ശശി, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കാന്‍സര്‍ വിദഗ്ധന്‍ ഡോ. എം.വി. പിള്ള, നവകേരളം കര്‍മ പദ്ധതി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ തുടങ്ങിയവർ പങ്കെടുത്തു.