കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ ഫോൺ വെട്ടത്തിൽ പതിനൊന്നുകാരൻ്റെ തലയിൽ തുന്നിക്കെട്ടിയ സംഭവത്തിൽ ആരോഗ്യ വകുപ്പിൻറെ നടപടി.
നഴ്‌സിങ്ങ് അസിസ്റ്റൻറ് വാലേച്ചിറ വി.സി. ജയനെ സസ്‌പെൻറ് ചെയ്തു. ആരോഗ്യ വകുപ്പിൻറെ അന്വേഷണത്തിനു പിന്നാലെയാണ് നടപടി. ജയൻറേയും കുട്ടിയുടെ മാതാപിതാക്കളുടേയും മൊഴി അന്വേഷണത്തിൻറെ ഭാഗമായി രേഖപ്പെടുത്തിയിരുന്നു.
കുട്ടിയുടെ അമ്മയോട് ഡീസൽ ചെലവ് കാരണമാണ് ജനറേറ്റർ പ്രവർത്തിപ്പാക്കത്തതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയൻ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം.
ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ സുജിത്ത്- സുരഭി ദമ്പതികളുടെ മകൻ എസ് ദേവതീർഥിനാണ് വീടിനുള്ളിൽ തെന്നിവീണ് തലയുടെ വലതുവശത്ത് പരുക്കേറ്റത്. തുടർന്ന് കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ ഇവിടെ കറൻറില്ലെന്ന് പറഞ്ഞ നഴ്സിങ് അസ്സ്റ്റൻറ് ജയൻ ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇവിടെ ഇരുട്ടാണല്ലോ, കറൻറില്ലേയെന്ന് മാതാപിതാക്കൾ ചോദിച്ചതോടെ ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നായിരുന്നു നഴ്സിങ്ങ് അസിസ്റ്റൻ്റെ മറുപടി. ഈ സംവത്തിൻ്റെ വീഡിയോ വൈറലായി.
മൊബൈലിൻറെ വെളിച്ചത്തിൽ മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാൻ അത്യാഹിത വിഭാഗത്തിലേക്ക് ദേവതീർഥിനെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാൽ ജനലിൻ്റെ അരികിൽ ദേവതീർഥിനെ ഇരുത്തി മൊബൈലിൻ്റെ വെളിച്ചത്തിൽ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.





