ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിൻറെ ക്രൂരമർദനം. ഓട്ടോ ഡ്രൈവറായ മുരളീധരരാണ് കമ്പംമെട്ട് സി.ഐ ഷമീർ ഖാൻറെ ക്രൂര മർദമേറ്റത്.
സി.ഐയുടെ അടിയേറ്റ് താഴെ വീണ മുരളീധരൻറെ പല്ലു പൊട്ടി. നിലത്ത് വീണ മുരളീധരൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. 2024 ഡിസംബർ 31ന് രാത്രി 11 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വഴിയിൽ നിൽക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്.
സ്ഥലത്ത് നിന്ന് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അക്രമിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവം നടന്ന കാര്യം മുരളീധരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും മുരളീധരനെ തല്ലിയതിൻറെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് കിട്ടിയതെന്നും തുടർന്ന് ജനുവരി 16ന് പരാതിയുമായി മുന്നോട് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും മുരളീധരൻറെ മകൾ പറയുന്നു.
എസ്‌പി ഓഫീസിൽ പരാതി നൽകിയ ശേഷം ജനുവരി 23ന് ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തിരുന്നു എന്നാൽ പിന്നീട് ഇതിൻമേൽ നടപടിയൊന്നും ഉണ്ടായില്ലെന്നും മകൾ വ്യക്തമാക്കുന്നു. അതേസമയം, മർദനം നടന്ന സ്ഥലത്ത് രാത്രിയിൽ മദ്യപിച്ച് വാഹനങ്ങൾക്ക് നേരെ പടക്കം എറിഞ്ഞെന്ന പരാതി വന്നതിനെ തുടർന്നാണ് സിഐ എത്തിയതെന്ന് ഇക്കാര്യത്തിൽ എസ്‌പി പ്രതികരിച്ചു.