Timely news thodupuzha

കട്ടപ്പന കോളജ് അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കും, എഞ്ചിനിയറിംഗ് കോളജിൽ ഹോസ്റ്റൽ സമുച്ചയം, ഇടുക്കിയിൽ ലോ കോളജ് ആരംഭിക്കാനുള്ള നടപടികൾക്ക് നിർദേശം; മന്ത്രി റോഷി അ​ഗസ്റ്റിൻ മന്ത്രി ആർ ബിന്ദുവുമായി ചർച്ച നടത്തി

തിരുവനന്തപുരം: സുവർണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന കട്ടപ്പന ഗവൺമെന്റ് കോളജിൽ പുതിയ അക്കൗദമിക് ബ്ലോക്ക് നിർമാണം പൂർത്തിയാക്കുന്നത് അടക്കമുള്ള പദ്ധതിക്കൾക്ക് തീരുമാനം ആയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് അനുമതി ലഭിച്ചത്.

കട്ടപ്പന ഗവൺമെന്റ് കോളജിൽ അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കുന്നതിന് പുറമേ സ്റ്റാഫ് ക്വാർട്ടേഴ്‌സും ഗസ്റ്റ് ഹൗസും നിർമിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 7.26 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. 2027 ൽ സുവർണ ജൂബിലി ആഘോഷിക്കുന്നതോട് അനുബന്ധിച്ച് കോളജിന്റെ സൗന്ദര്യവൽക്കരണം അടക്കമുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനും യോഗത്തിൽ മന്ത്രി ആർ. ബിന്ദു നിർദേശിച്ചു.

കോളജിന് നാക് അക്രഡിറ്റേഷൻ ലഭ്യമാകുന്നതിന് ഈ പ്രവർത്തികൾ അനിവാര്യമാണ്. കോളജ് വികസനത്തിന്റെ ഭാഗമായി പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും ലൈബ്രറി അപ്‌ഗ്രേഡ് ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

രജത ജൂബിലി ആഘോഷിക്കാനൊരുങ്ങഉന്ന ഇടുക്കി എഞ്ചിനിയറിങ് കോളജിൽ പുതിയ ഹോസ്റ്റൽ സമുച്ചയത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. ഇതിനായി 29.67 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്. എഞ്ചിനിയറിംഗ് കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ സർക്കാരിൽ സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കോളജിൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന നിർമിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള കോഴ്സിന് പുറമെ പുതിയ കോഴ്സുകൾ കൂടി അനുവദിക്കണം എന്നും മന്ത്രി റോഷി ആവശ്യപ്പെട്ടു.

പൈനാവ് ഐഎച്ച്ആർഡി പോളിടെക്‌നികിൽ ഇടുക്കിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഇത് അനുഭാവ പൂർവം പരിഗണിക്കാമെന്ന് മന്ത്രി ആർ ബിന്ദു ഉറപ്പു നൽകി. ബജറ്റിൽ പ്രഖ്യാപിച്ച കട്ടപ്പന ഐഎച്ച്ആർഡി, ലോ കോളജ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഐഎച്ച്ആർഡി ഡയറക്ടർക്ക് യോഗം നിർദേശം നൽകിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

മന്ത്രിമാർക്കു പുറമേ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ജയപ്രകാശ്, ഡയറക്ടർ ഓഫ് കോളജിയറ്റ് എഡ്യുക്കേഷൻ സുധീർ, ഐഎച്ച്ആർഡി ഡയറക്ടർ അരുൺ കുമാർ , ഇടുക്കി എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ശശിധരൻ, കട്ടപ്പന ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ ഡോ. ബി. കണ്ണൻ, പൈനാവ് ഐ എച്ച് ആര് ഡി പ്രിസിപ്പൽ സി. കെ. സുബി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *