പെരുമ്പാവൂർ: ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളിയെന്ന് പോലീസിന് ഫോൺ സന്ദേശം. പോലിസ് പാഞ്ഞ് വന്ന് മൃതദേഹം ചാക്കിൽ നിന്നെടുത്ത് ആംബുലൻസിൽ കയറ്റാൻ നോക്കിയപ്പോൾ മൃതശരീരത്തിന് അനക്കം. ബെവ്‌കോയിൽ നിന്നും കുപ്പി വാങ്ങി മദ്യപിച്ച് ലക്കില്ലാതെ ചാക്കിനകത്ത് കേറി ഉറങ്ങുകയായിരുന്നു ആൾ. ചൊവ്വാഴ്ച വൈകീട്ട് പെരുമ്പാവൂർ നഗരത്തിലെ ബെവ്കോ മദ്യവിൽപ്പന ശാലയ്ക്ക് പിന്നിലെ പാടശേഖരത്തിന് സമീപമാണ് സംഭവം.

ചാക്കിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരിൽ ഒരാൾ പോലീസിനെ ഫോണിൽ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് ബെവ്കോയ്ക്കു സമീപത്തേക്ക് പോലീസ് പാഞ്ഞെത്തി. പിന്നാലെ ആംബുലൻസും സ്ഥലത്തെത്തി. മൃതദേഹത്തിന്റെ മുട്ടിനു കീഴെ കാലുകൾ മാത്രം പുറത്തുകാണാവുന്ന വിധത്തിലായിരുന്നു ചാക്കിൽ കിടപ്പ്.

പോലിസ് ചാക്കു മാറ്റി പരിശോധിച്ച ശേഷം മൃതദേഹം ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ‘ബോഡി’ക്ക് അനക്കം. പിന്നീടാണ് കാര്യം പിടികിട്ടിയത്.
ബെവ്‌കോയിൽ നിന്നും കുപ്പി വാങ്ങിയ യുവാവ് മദ്യപിച്ച് ലക്കുകെട്ടതോടെ സമീപത്തുനിന്നുകിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേൽക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു. അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളിയായ മുർഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് കിടന്ന് മയങ്ങിപ്പോയത്.






