അരുണാചൽ: അരുണാചൽ പ്രദേശിൽ കത്തോലിക്കാ മിഷനുകൾക്ക് തുടക്കം കുറിക്കുകയും, തദ്ദേശീയരായ നിരവധിപ്പേരെ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും നയിക്കുകയും ചെയ്ത പ്രമുഖ സലേഷ്യൻ മിഷണറിയാണ് ഫാദർ ജോബ് കല്ലറയ്ക്കൽ(78). അരുണാചൽ പ്രദേശിലെ ഗോത്രവർഗ സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസവും അജപാലന ശുശ്രൂഷയും വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് സലേഷ്യൻ സഭാംഗങ്ങൾ അനുസ്മരിച്ചു. ക്രൈസ്തവ വിശ്വാസത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്ന കാലഘട്ടത്തിൽ അരുണാചലിൽ കടന്നുചെന്ന് മിഷൻ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട ആദ്യകാല മിഷണറിമാരിൽ ഒരാളായിരുന്നു അദ്ദേഹം. വിദ്യാലയങ്ങൾ, ഹോസ്റ്റലുകൾ, ഗ്രാമീണ കപ്പേളകൾ എന്നിവ സ്ഥാപിച്ചതിലൂടെ കുട്ടികൾക്ക് വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേവലം സുവിശേഷ പ്രചാരണം മാത്രമല്ല, സാക്ഷരതയും ആരോഗ്യപരിചരണവും വഴി സമൂഹത്തെ ശാക്തീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
“അരുണാചലിൽ സഭ പിച്ചവെച്ചു തുടങ്ങുന്ന കാലത്ത് ചുവടുറപ്പിച്ച ധീരനായ മിഷണറിയായിരുന്നു ഫാദർ ജോബ്,” എന്ന് മിയാവോ രൂപത ബിഷപ്പ് പി.കെ. ജോർജ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ലളിതമായ ജീവിതശൈലിയും ധീരതയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഷണറി എന്നതിലുപരി മികച്ചൊരു ധ്യാനപ്രസംഗകൻ കൂടിയായിരുന്നു ഫാദർ ജോബ് കല്ലറയ്ക്കൽ. വടക്കുകിഴക്കൻ ഇന്ത്യയിലും വിദേശത്തും വൈദികർക്കും സന്യാസികൾക്കും അല്മായർക്കുമായി അദ്ദേഹം നിരവധി ധ്യാനങ്ങൾ നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ ലാളിത്യവും ആഴവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അസമിലെയും മറ്റും സലേഷ്യൻ സ്കൂളുകളിൽ പഠിച്ചിരുന്ന യുവാക്കളിലൂടെയാണ് അരുണാചൽ പ്രദേശിൽ കത്തോലിക്കാ വിശ്വാസം എത്തിയത്. അക്കാലത്തെ കടുത്ത നിയന്ത്രണങ്ങളെയും പീഡനങ്ങളെയും അതിജീവിച്ചാണ് ഫാദർ ജോബിനെപ്പോലെയുള്ളവരുടെ നേതൃത്വത്തിൽ സഭ അവിടെ വളർന്നത്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ നിരവധി പേർ അനുശോചിച്ചു. സംസ്കാര ശുശ്രൂഷകൾ 13/04/2026 തിങ്കൾ രാവിലെ 10.30ന് ദിമാപൂർ സലേഷ്യൻ കോളേജ് ചാപ്പലിൽ. തൊടുപുഴ ചെപ്പുകുളം കല്ലറയ്ക്കൽ(കരിംതുരുത്തേൽ) പരേതരായ കെ.ജെ തോമസ് – നടുവിലേക്കുറ്റ് ത്രേസ്യാമ്മ
ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: പരേതനായ കെ.റ്റി ജോസഫ് കല്ലറയ്ക്കൽ(ചെപ്പുകുളം), ഫിലോമിന മൈക്കിൾ, മ്ലാക്കുഴിയിൽ(മുട്ടം)
പരേതയായ റീത്താമ്മ ജോർജ്ജ്, പണിക്കപറമ്പിൽ(ഇലഞ്ഞിപ്ര, ചാലക്കുടി), സിസ്റ്റർ സ്കൊളാസ്റ്റിക്ക(അയർലൻ്റ്), കുട്ടിയമ്മ ജോസഫ്, കുടവനപ്പാട്ട്(ഇരട്ടയാർ), സിസ്റ്റർ ആലീസ് തോമസ്(ആസാം), സെലിൻ പയസ്, കണ്ണംകുളം(തട്ടക്കുഴ).





