ഒലീവ് മരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ അടർന്നു വീഴുന്നു. ശിഷ്യന്മാർ ഉണർന്നു. പത്രോസ് അകലേയ്ക്ക് നോക്കി. സൂര്യൻ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. നാളെ ജെറുസലേമിലേക്ക് പോകണമെന്ന് ഗുരു പറഞ്ഞതോർമ്മിച്ച് യോഹന്നാനും ചാടി എഴുന്നേറ്റു. അവരിൽ രണ്ട് പേർ അടുത്തുള്ള ഗ്രാമത്തിലേക്ക് നടന്നു. യേശുവും വഴിയിലേക്കിറങ്ങി. മറിയം അകലെ നിന്ന് എല്ലാം ശ്രദ്ധിച്ചു. എല്ലാം അറിയുന്ന അമ്മ, എല്ലാം ഹൃദയത്തിലേറ്റുന്നു അമ്മ. ശിഷ്യൻമരാരും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കൊണ്ടു വന്നു. വസ്ത്രങ്ങൾ അതിൻ്റെ മേൽ വിരിച്ചു. യേശു അതിൻ്റെ പുറത്ത് കയറി. ശിഷ്യന്മാർ ഓസാന വിളിച്ചു. ജനം അതേറ്റുപാടി. ഫരിസേയർ അസ്വസ്ഥരായി. ഇതെന്താണ് നിൻ്റെ ആളുകൾ വിളിച്ച് പറയുന്നത്. “അവരത് ചെയ്തില്ലെങ്കിൽ ഈ ചുറ്റും കിടക്കുന്ന കല്ലുകൾ അതേറ്റു ചൊല്ലും. “യേശു പറഞ്ഞതിൻ്റെ പൊരുൾ അവർക്ക് പിടികിട്ടിയില്ല.
പട്ടണത്തിലെ കെട്ടിടത്തിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കാൻ യേശുവും ശിഷ്യന്മാരും ഒത്തുകൂടി. നിങ്ങളിലൊരാൾ എന്നെ ഒറ്റികൊടുക്കും. അടുത്ത മുറിയിലിരുന്ന മറിയം അത് കേട്ടു. വിരുന്നിന്റെ തിരക്കിൽ ആരും അത് ശ്രദ്ധിച്ചില്ല. പക്ഷെ അമ്മയുടെ ഹൃദയത്തിലെ വാൾ മുന ഒന്ന് അനങ്ങി ചോര പൊടിഞ്ഞു. മകൻ അമ്മയുടെ അടുക്കലേയ്ക്ക് ചെന്നു. അമ്മ ആ കൈകൾ സ്വന്തം കൈപത്തിക്കുള്ളിലാക്കി മുഖത്തോടടുപ്പിച്ചു. ഇനി ഇങ്ങനെ ൊരവസരം കിട്ടില്ല. മകൻ്റെ ഹൃദയം വിങ്ങിപൊട്ടി. ഒരമ്മയ്ക്കും ലഭിയ്ക്കാത്ത വേദനയുടെ ലോകമാണ് അമ്മയ്ക്ക് കിട്ടിയത്. സ്നേഹത്തിനും കരുതലിനും എന്താണ് മറുവിലയായി കൊടുക്കുക.
ഒലിവ് തോട്ടത്തിൽ രക്തം വിയർപ്പായി ഒഴു ക്കി പ്രാർത്ഥിച്ചിരുന്ന ഗുരുവിനെ മുപ്പത് വെള്ളി നാണയം ജീവന്റെ വിലയായിട്ട് യൂദാസ് ഒറ്റി കൊടുത്തു. യേശുവിനെ വിചാരണ ചെയ്തതും കുരിശു മരണത്തിന് വിധിച്ചതും അറിയിക്കാൻ വന്ന യാക്കബിനോട് സമയമായില്ലേ എന്ന് ചോദിച്ചുകൊണ്ട് ഉറക്കമൊഴിഞ്ഞ് ക്ഷീണിച്ച മുഖവുമായി നിന്ന അമ്മ ചോദിച്ചപ്പോൾ മറുപടി പറയാൻ വാക്കുകളില്ലായിരുന്നു.
കച്ച അരയിൽ ചുറ്റി തലയിൽ മുൾമുടി ഉറപ്പിച്ച് ചാട്ടയടിയേറ്റ് ദേഹം നുറുങ്ങി നിൽക്കുന്ന മകനെ കണ്ട് അമ്മ ഭിത്തിയിലേയ്ക്ക് ചാരി. അമ്മയും മകനും വേദനയുടെ ആഴത്തിൽ നിലയില്ലാതെ കൈകാലിട്ടടിക്കുന്ന രണ്ട് ജീവിതങ്ങൾ. സെഹിയോൻ മാളികയിൽ വച്ച് ഭക്ഷണം കഴിച്ചതിൽ പിന്നെ ഒന്നും കഴിച്ചിട്ടില്ല. വിശപ്പും ദാഹവും വേദനയും ശരീരത്തെ തളർത്തി.
എൻ്റെ ദൈവമേ എൻ്റെ ദൈവമേ എല്ലാം പൂർത്തിയായി. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി മുറിഞ്ഞു. കല്ലറകൾ തുറക്കപ്പെട്ടു. മിന്നൽ പിണരുകൾ ആകാശത്തെ ഭയാനകമാക്കി. ഇരുൾ പരന്നു. “ഈ മനുഷ്യൻ നീതിമാനായിരുന്നു.” ജനം മടങ്ങിപോയി. ഇതൊന്നുമറിയാതെ അമ്മ വേദനയുടെ തീച്ചൂളയിൽ കുരിശിൻ ചുവട്ടിലിരുന്നു. മരണം ഉറപ്പാക്കാൻ വന്ന ഒറ്റക്കണ്ണനായ പട്ടാളക്കാരന്റെ കുന്തമുനയിൽ നിന്നും തെറിച്ച ഒരിറ്റു രക്ത തുള്ളിയാൽ അവന് കാഴ്ചകിട്ടി. “തീർച്ചയായും അവൻ ദൈവപുത്രനായിരുന്നു.” എനിക്ക് കാഴ്ച്ചകിട്ടിയെന്ന് പറഞ്ഞ് പട്ടാളക്കാരൻ അമ്മയുടെ കാൽക്കൽവീണു.
രക്തം വാർന്ന് വിളറി കിടക്കുന്ന ശരീരം പോലെ ഗലീലി കടൽ അങ്ങകലെ. കെദ്രോൻ തോട്ടത്തിന്റെയും ഒലീവ് തോട്ടത്തിന്റെയും വീർത്തുകെട്ടിയ രൂപം മട്ടുപ്ലാവിലുലാത്തുന്ന പീലാത്തോസിന്റെ മനസ്സിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു. ക്ലോഡിയാ പറയും പോലെ ഈ മനുഷ്യൻ ദൈവ പുത്രനായിരുന്നവോ. യേശുവേ നീ ആരായിരുന്നു. മരിച്ചവരെ ഉയർപ്പിച്ചവൻ കുഷ്ഠരോഗികളെ സുഖപ്പെടുത്തിയ വൻ പാപവഴികളിൽ നിന്ന് മോചനം നൽകിയ വൻ സ്നേഹത്തിന്റെ നിയമവും സത്യത്തിന്റെ പ്രവാചകനുമായവൻ. എന്താകും സംഭവിക്കുക ജീവിച്ചിരുന്ന യേശുവിനേക്കാൾ ഭയക്കേണ്ടത് മരിച്ചവനെ ആണല്ലോ എന്ന അറിവ് അയാളുടെ ശിരകളിൽ തീ പടർത്തി.
മഗ്ദലേനമറിയവും യാക്കോബിന്റെ അമ്മയായ മറിയവും യേശുവിന്റെ കല്ലറയിലേയ്ക്ക് അതിരാവിലെ പോയി. “ആരാണ് നമുക്കായി കല്ലുരുട്ടി മാറ്റുക എന്ന സന്ദേശത്തോടെ പോയ അവർ കണ്ടത് തുറന്നിരിക്കുന്ന കല്ലറയാണ്.” “നിങ്ങളുടെ ഗുരു മരിച്ചവരിൽ നിന്ന് ഉയർത്തിരിക്കുന്നു” എന്നു പറയുവിനെന്ന് തോട്ടക്കാരനെ പോലൊരാൾ പറയുന്നത് കേട്ട് അവർ മടങ്ങി പോയി.
മത്തായിയും ക്ലെയോഫാസ്സും ജെറുസലേമിൽ നിന്ന് ഏഴ് മൈൽ അകലെയുള്ള എമ്മാവൂസിലേയ്ക്ക് പോകാൻ നിശ്ചയിച്ചു. വഴിയിൽ ഒരു വഴിപോക്കൻ അവരുടെ കൂടെ കൂടി. “എന്തോ വലിയ ദുഖത്തിലാണല്ലോ നിങ്ങൾ.” ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്നതൊന്നും നിങ്ങളറിഞ്ഞില്ലല്ലോ” “ഇല്ല” സംഭാഷണം മുറിഞ്ഞു പോകാതിരിയ്ക്കാൻ അപരിചിതൻ പ്രത്യേകം ശ്രദ്ധിച്ചു. ക്ലയോഫീസ്സിൻ്റെ ബന്ധുവീട്ടിലേക്ക് ആ അപരിചിതനെയും അവർ വിളിച്ചു. അത്താഴത്തിനിരുന്നപ്പോൾ “ഇതെൻ്റെ ശരീരമാകുന്നു നിങ്ങൾ വാങ്ങി ഭക്ഷിപ്പിൻ” ആ അപ്പം ഭക്ഷിച്ചവരുടെ ബുദ്ധി ഉണർന്നു. അവർ ശാന്തിയിലും സന്തോഷത്തിലും മുങ്ങി. അപ്പോഴേയ്ക്കും അപരിചിതൻ പോയി കഴിഞ്ഞിരുന്നു. പിറ്റേ ദിവസം എന്തിനേയും നേരിടാൻ തയ്യാറായി തലയിൽ മുണ്ടിടാതെ ഒന്നും ഒളിക്കാനില്ലാതെ ധൈര്യമായി അവർ ജറുസലേമിലേക്ക് യാത്രയായി. നമുക്കും അവരോടു കൂടി സധൈര്യം സ്വർഗ്ഗീയ ജറുസലേമിലേക്ക് പോകാം.





