Timely news thodupuzha

അന്താരാഷ്ട്ര നേട്ടവുമായി നുവാൽസ് വിദ്യാർഥികൾ; യു.എസിലെ ജെസ്സപ് മൂട്ട് മത്സരത്തിൽ ജയം

യു.എസ്: പൊതു അന്താരാഷ്ട്ര നിയമരംഗത്തെ അഭിമാനവേദികളിലൊന്നായ ഫിലിപ്പ് സി ജെസ്സപ് അന്താരാഷ്ട്ര നിയമ മൂട്ട് കോർട്ട് മത്സരത്തിൽ നുവാൽസിന് മികച്ച നേട്ടം. അന്താരാഷ്ട്ര തലത്തിലെ മികച്ച അപ്ലിക്കന്റ് മെമോറിയൽ വിഭാഗത്തിലുള്ള റിച്ചാർഡ് ആർ ബാക്സ്റ്റർ അവാർഡാണ് നുവാൽസ് വിദ്യാർഥികൾ കരസ്ഥമാക്കിയത്. അവസാനവർഷ വിദ്യാർഥികളായ അനശ്രുത റോയ്, ദിവ്യ ഉപാധ്യായ്, നിയതി പ്രഭു, ശ്രുതി സൂസൻ മാത്യൂ, നാലാം വർഷ വിദ്യാർഥിയായ ഉസ്തത് കൗർ സേതി എന്നിവരടങ്ങുന്നതാണ് നുവാൽസ് സംഘം.

വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോൾ ഹിൽ ഹയാത് റീജൻസിയിൽ മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെയായിരുന്നു വൈറ്റ് ആൻഡ് കേസ് അന്താരാഷ്ട്ര മത്സരങ്ങൾ നടന്നത്. വാദിഭാഗത്തിനായി എഴുതപ്പെടുന്ന വാദഗതികളുടെ മികവു കണക്കിലെടുത്ത് നൽകുന്ന ഈ പുരസ്കാരം, വിദ്യാർഥികളുടെ നിയമ ഗവേഷണ ശേഷിയും, വിശകലനാത്മകതയും കരട് നിർമാണ വൈദഗ്ധ്യവും തെളിയിക്കുന്നതാണ്. ഈ വർഷത്തെ പതിപ്പിൽ 99 രാജ്യങ്ങളിൽ നിന്ന് 806 ടീമുകളാണ് പങ്കെടുത്തത്.

ജെസ്സപ്പ് മൂട്ട് അഥവാ ജെസ്സപ്പ് എന്ന് പൊതുവെ അറിയപ്പെടുന്ന ഈ മത്സരം, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും വലുതുമായ അന്താരാഷ്ട്ര മൂട്ട് കോർട്ട് മത്സരമാണ്. വിദ്യാർഥിസംഘങ്ങൾ പ്രതിനിധീകരിക്കുന്ന രാജ്യങ്ങൾ തമ്മിൽ ഒരു സാങ്കൽപ്പിക തർക്കം അവതരിപ്പിക്കുകയും, അത് ഐക്യരാഷ്ട്രസഭയുടെ പ്രധാന നിയമ സ്ഥാപനമായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുമ്പാകെ നടക്കുന്ന നടപടിക്രമങ്ങളുടെ മാതൃകയിൽ പുരോഗമിക്കുകയും ചെയ്യുന്നു. പങ്കെടുക്കുന്ന ടീമുകൾ വാദി-പ്രതിഭാഗങ്ങളിൽ നിന്നുള്ള വാദമുഖങ്ങൾ തയ്യാറാക്കുകയും ഇരു പക്ഷങ്ങളുടെയും നിലപാടുകൾ വാദിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രായോഗികമായി വിദ്യാർഥികളിൽ അഭിഭാഷക വൈദഗ്ധ്യം വളർത്തുക എന്നതാണ് ഇത്തരം വേദികൾ ലക്ഷ്യമിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *