ഇടുക്കി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേന്ദ്രിയ വിദ്യാലയ സംഗതത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം നിലവിൽ അഡ്മിഷനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ് .
രാജ്യത്താകെ 1200-ലധികം സ്കൂളുകൾ ഉൾക്കൊള്ളുന്ന കെ.വി.എസ് ശൃംഖലയിലെ ഭാഗമായ പൈനാവ് കേന്ദ്രീയ വിദ്യാലയം, പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 100% വിജയം നേടിയ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്‌റൂമുകളാണ്, കൂടാതെ, കുട്ടികളുടെ പ്രായോഗിക പഠനവും തൊഴിൽപരമായ നൈപുണ്യ വികസനവും ഉറപ്പാക്കാൻ വൊക്കേഷണൽ ലാബ് പുതുതായി ആരംഭിച്ചിട്ടുണ്ട്.
ഇവിടെയുള്ള അധ്യാപകർ എല്ലാവരും ദേശീയതലത്തിലുള്ള രണ്ട് ഘട്ട എഴുത്തു പരീക്ഷയും ഇന്റർവ്യൂവും വിജയകരമായി പൂർത്തിയാക്കിയവരാണ്. അതിനാൽ തന്നെ, വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഉറപ്പാക്കപ്പെടുന്നു.
പാഠഭാഗങ്ങൾക്കൊപ്പം തന്നെ കല, സാഹിത്യം, കായികം എന്നിവയിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങളും സ്കൂളിൽ സജീവമായി നടക്കുന്നു. കേന്ദ്രിയ വിദ്യാലയങ്ങളിൽ സർക്കാർ ജീവനക്കാരുടെ മക്കൾക്കു മാത്രമേ പ്രവേശനം ലഭിക്കൂ എന്ന പൊതുധാരണയുണ്ട്. എന്നാൽ പൈനാവ് പോലുള്ള പ്രദേശങ്ങളിൽ സർക്കാർ ജീവനക്കാർ കുറവായതിനാൽ, മറ്റുള്ള വിഭാഗങ്ങളിലുള്ള കുട്ടികൾക്കും അഡ്മിഷൻ ലഭിക്കാനുള്ള അവസരം കൂടുതലാണ് എന്ന് സ്കൂൾ പ്രിൻസിപ്പാൾ അജിമോൻ എ ചെല്ലം കോട്ട അറിയിച്ചു. ബാലവാടിക ഉൾപ്പെടെ വിവിധ ക്ലാസുകളിലേക്കുള്ള അഡ്മിഷനുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബാലവാടികകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 25% സീറ്റുകൾ പട്ടികജാതി,പട്ടികവർഗ്ഗം,മറ്റ് പിന്നാക്കവിഭാഗം,സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾക്കും , ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുമായി സൗജന്യമായി അനുവദിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള രക്ഷിതാക്കൾക്ക് ഓഫ്‌ലൈൻ വഴി അപേക്ഷ സമർപ്പിക്കാം.






