തിരുവനന്തപുരം: മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ മകൾ വീണ വിജയന് വെള്ളിയാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. 8 സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിൻറ് മാനേജിങ് ഡയറക്റ്റർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്റ്റർമാരാണ് ഇവർ. എസ്എഫ്ഐഒ കുറ്റപത്രത്തിൻറെ ഭാഗമായുള്ള പ്രധാന രേഖകൾ എല്ലാം ഇഡിക്ക് ലഭിച്ചിരുന്നു. ഇഡി നൽകിയ അപേക്ഷയിൽ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയുടെ നിർദേശ പ്രകാരമാണ് രേഖകൾ വിട്ടുനൽകിയത്. 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായ രേഖകളാണ് ഇഡിക്ക് കൈമാറിയത്. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറുകൾ, ബാങ്ക് സ്റ്റേറ്റ്മെൻറുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടും. ഇവയെല്ലാം ശേഖരിച്ച ശേഷമാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്.
വീണ വിജയനടക്കം ഒമ്പത് പേർക്ക് ഇ.ഡി സമൻസ്




