രാജാക്കാട്: പഠിച്ച സ്‌കൂളിൽ പ്രഥമ അധ്യാപികയായി ചുമതലയേൽക്കുന്ന അപൂർവ്വ സൗഭാഗ്യവുമായി ഒരു ടീച്ചർ. രാജാക്കാട് ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് സിന്ധു ഗോപാലൻ ആണ് രാജാക്കാട് ഗവ. സ്‌കൂളിൽ ചാർജെടുത്തത്. ഇതേ സ്‌കൂളിൽ വർഷങ്ങളായി കെമിസ്ട്രി അധ്യാപികയായും സീനിയർ അസിസ്റ്റൻ്റായും സേവനം ചെയ്ത ശേഷം കഴിഞ്ഞ വർഷമാണ് പ്രമോഷൻ ആയി ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചത്. ഒരു വർഷത്തിന് ശേഷം ഇപ്പോൾ രാജാക്കാട് സ്‌കൂളിലേക്ക് എത്തി. പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാദ്ധ്യാപികയായി വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തുടർന്നുള്ള മൂന്ന് വർഷക്കാലം സ്‌കൂളിൻ്റെ പുരോഗതിക്കായുള്ള നിരവധി പദ്ധതികൾ മനസിലുണ്ടെന്നും സിന്ധു പറഞ്ഞു. പഴയ ഗുരുക്കന്മാരായ ചെല്ലമ്മ ശ്രീധരൻ, സി.വി ചെല്ലമ്മ എന്നിവരുടെ അനുഗ്രഹാശിസുകളോടെയാണ് സിന്ധു പ്രഥമാധ്യാപികയായി ചുമതലയേറ്റത്. അടിമാലി ടെക്നിക്കൽ സ്‌കൂളിൽ ഇൻട്രക്ടറായി സേവനം ചെയ്ത ശേഷം വിരമിച്ച വി.എൻ ശശിധരനാണ് ഭർത്താവ്. ഏകമകൾ ദേവി വണ്ടൻമേട് പോസ്റ്റ് ഓഫീസ് ജീവനക്കാരിയാണ്.
പഠിച്ച സ്‌കൂളിൽ പ്രധാന അധ്യാപികയായി സിന്ധു ടീച്ചർ




