തിരുവനന്തപുരം: ഓണക്കാലം സുരക്ഷിതമാക്കാൻ വിവിധ പദ്ധതികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. സുരക്ഷിത ആഹാരത്തിലൂടെ സമൃദ്ധമായ ഓണാഘോഷത്തിലേക്ക് എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിക്കുന്ന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 28 രാവിലെ 9.30 ന് തടിയമ്പാട് ഇടുക്കി കാസിൽ ഹോട്ടലിൽ റോയി കെ പൗലോസ് എം.എൽ.എ നിർവഹിക്കും. തുടർന്ന് ഭക്ഷ്യഉൽപ്പാദകർക്ക് പരിശീലന ക്ലാസ് സംഘടിപ്പിക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പീരുമേട് സർക്കിളിൽ വിവിധ നിയമലംഘനത്തിന് 25 പേരിൽ നിന്നായി 81000 രൂപാ പിഴ ചുമത്തി. ഇടുക്കി ജില്ലയിലെ ഷാപ്പ് ജീവനക്കാർക്കും, ലൈസൻസ് ഉടമകൾക്കുമായി കമ്പളിക്കണ്ടത്ത് ഫോസ്ടാക് പരിശീലനം നടത്തി.
ശുചിത്വമില്ലാത്ത സാഹചര്യത്തിൽ പ്രവർത്തിച്ചതിന് കാന്തല്ലൂർ പഞ്ചായത്ത് കോവിൽക്കടവിൽ പ്രവർത്തിക്കുന്ന രാജു വെജിറ്റബിൾസ് & ചിക്കൻ സെന്റർ എന്ന സ്ഥാപനം ശുചിത്വ നിലവാരം ഉറപ്പാക്കുന്നതുവരെ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശിച്ചു. ആകെ 40 പരിശോധനകൾ നടത്തി. രണ്ട് സ്‌കൂളുകളിലും ഒരു വൃദ്ധസദനത്തിലും പരിശോധന നടത്തി. എട്ട് തിരുത്തൽ നോട്ടീസുകളും മൂന്ന് കോംമ്പൌണ്ടിംഗ് നോട്ടീസുകളും നൽകി. എട്ട് സർവേയലൻസ് സാമ്പിളുകളുടെ 17 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു.






