കോൽക്കത്ത: മുൻ ലോക ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിൽ സൗഹൃദ മത്സരം കളിക്കാനെത്തുന്നുവെന്ന് റിപ്പോർട്ട്. കോൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയം മത്സരങ്ങൾക്ക് വേദിയാകുമെന്നും മൂന്ന് മത്സരങ്ങൾ കളിക്കാനാണ് ബ്രസീൽ പദ്ധതിയിടുന്നതെന്നുമാണ് ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നാമത്തെ മത്സരമായിരിക്കും ഇന്ത‍്യയിൽ നടക്കുക. എന്നാൽ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത‍്യൻ സംഘാടകരും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്നും കരാറിലെ ചില നിബന്ധകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സൗഹൃദ മത്സരത്തിൽ ബ്രസീലിൻറെ എതിരാളികൾ ആരായിരിക്കുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ലോകകപ്പിലടക്കം ഇന്ത‍്യൻ ആരാധകരിൽ നിന്നും ലഭിച്ച വമ്പിച്ച പിന്തുണയാണ് ബ്രസീൽ ഇന്ത‍്യയിൽ കളിക്കാനെത്തുന്നതിൻറെ പ്രധാന കാരണമെന്നാണ് വിവരം. സെപ്റ്റംബർ, ഒക്റ്റോബർ മാസങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.
മുൻ ഫിഫ ലോക കപ്പ് ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിലേക്ക്, സൗഹൃദ മത്സരം കളിച്ചേക്കും






