Timely news thodupuzha

മരിയാപുരത്ത് റോഡുവക്കിൽ അപകട കെണിയായി കൂറ്റൻപാറ

ഇടുക്കി: മരിയാപുരം പഞ്ചായത്തിലെ കാർത്യായനി കവല – മാടവനക്കാനം റോഡു വക്കിൽ സ്ഥിതിചെയ്യുന്ന കൂറ്റൻപാറ നാട്ടുകാർക്ക് ഭീഷണിയാവുന്നു. 2018ലെ കാലവർഷക്കെടുതിയിൽ സമീപത്തെ മലമുകളിൽ നിന്ന് റോഡിലേക്ക് പതിച്ച കൂറ്റൻപാറയാണ് വാഹന യാത്രക്കും നാട്ടുകാർക്കും തടസ്സമായി നിൽക്കുന്നത്. പൊട്ടിച്ചിതറിയ പാറയുടെ ചില ഭാഗങ്ങൾ അന്ന് ദുരന്തനിവാരണ സേനഇടപെട്ട് റോഡിൽ നിന്ന് മാറ്റിയെങ്കിലും പ്രധാന ഭാഗങ്ങൾ ഇപ്പോഴും റോഡുവക്കിൽ തന്നെ നിൽക്കുകയാണ്. വിസ്തൃതി കുറഞ്ഞ റോഡിൽ രണ്ട് ഓട്ടോറിക്ഷകൾക്ക് പോലും പരസ്പരം കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് പാറയുടെ സ്ഥാനം. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നീയന്ത്രണം തെറ്റി പാറയിൽ ഇടിച്ച് ധാരാളം അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. കയറ്റമുള്ള റോഡിൽ ഇരുവശങ്ങളിൽ നിന്നും വാഹനം എത്തുമ്പോൾ കടന്നു പോകാൻ കഴിയാത്തതിനാൽ വാഹന യാത്രക്കാർ തമ്മിൽ നിരന്തരം തർക്കങ്ങളും പതിവാണ്. സ്കൂൾ ബസ്സുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുമായി വരുന്ന ഡ്രൈവർമാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. വിദ്യാർത്ഥികളും പ്രദേശ വാസികളും ഉൾപ്പെടെ ധാരാളം കാൽനടയാത്രക്കാരും ഇതു വഴിയുണ്ട്. പാറ നിലം പതിച്ച് എട്ടു വർഷങ്ങൾ പിന്നിടുമ്പോഴും പൊട്ടിച്ചു മാറ്റി പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു. റോഡിൻറെ നിർമ്മാണത്തിനുൾപ്പെടെ തടസ്സമായി നിൽക്കുന്ന പാറ പൊട്ടിച്ചു മാറ്റാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ ഉണ്ടാവണമെന്ന് വാർഡ് മെമ്പർ ഗീത വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ജോൺ എന്നിവർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *