Timely news thodupuzha

വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും: നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ

തൊടുപുഴ: ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്ന് നിയമസഭ ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ്. സർക്കാർ എന്നും സാധാരണക്കാർക്കൊപ്പമാണെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ വ്യാപാരി ക്ലബ് 38-ന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​മാങ്ങാട്ടുകവലയിലെ എം.പീസ് ടവറിൽ ക്ലബ് പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിന് പുറമെ, എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അൽ അസ്ഹർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മിജാസ്, വ്യാപാരി വ്യവസായി ഇടുക്കി ജില്ലാ ട്രഷറർ ആർ. രമേഷ് എന്നിവരെയും ആദരിച്ചു.

​വ്യാപാര മാന്ദ്യം രൂക്ഷമായ സാഹചര്യത്തിൽ ഓണം, ക്രിസ്മസ് തുടങ്ങിയ ഫെസ്റ്റിവൽ സീസണുകളിലെ മേളകൾ അവസാനിപ്പിക്കുക, അശാസ്ത്രീയ വഴിയോരക്കച്ചവടം തടയുക, കാർഷിക മേഖലയ്ക്ക് സമാനമായി ചെറുകിട വ്യാപാരികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുക, അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വ്യാപാരികളെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം ക്ലബ് ഭാരവാഹികൾ ചീഫ് വിപ്പിന് കൈമാറി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ കാര്യവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

​തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ മുഖ്യപ്രഭാഷണവും വൈസ് ചെയർമാൻ കെ. ദീപക് ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം തൊടുപുഴ പോലീസ് സ്റ്റേഷൻ പി.ആർ.ഒ. വി. എ. ബിജു പങ്കുവെച്ചു.
​ചടങ്ങിൽ ക്ലബ് മുൻ പ്രസിഡന്റ് ഷെരീഫ് സ്വാഗതവും ജനറൽ സെക്രട്ടറി സി. കെ. നവാസ് നന്ദിയും പറഞ്ഞു. ടി. എൻ. പ്രസന്ന കുമാർ, കെ. പി. ശിവദാസ്, അനീഷ് ജി ഹബ്ബ്, ലിജോൺസ് ഹിന്ദുസ്ഥാൻ, നെവിൻ, റഹീം, നാസർ സൈറ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിനു ശേഷം ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേള ചടങ്ങിന് മാറ്റ് കൂട്ടി.

Leave a Comment

Your email address will not be published. Required fields are marked *