തൊടുപുഴ: നഗരത്തിൽ പ്രസ്സ് ക്ലബ് പരിസരത്തും സമീപ പ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമം ജനജീവിതത്തെയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു. വോൾട്ടേജ് ക്രമാതീതമായി താഴ്ന്നതിനാൽ കമ്പ്യൂട്ടറുകളും പ്രിന്ററുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും വേണ്ടവിധം പ്രവർത്തിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതുമൂലം വ്യാപാര സ്ഥാപനങ്ങൾ, ആധാരം എഴുത്ത് ഓഫീസുകൾ, സർക്കാർ ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച തൊടുപുഴ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ ക്രെയിൻ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരുന്നു. രാത്രി വൈകിയാണ് ട്രാൻസ്ഫോർമർ വീണ്ടും സ്ഥാപിച്ചത്. എന്നാൽ ഒരു ദിവസം വൈദ്യുതി വിതരണം തടസ്സപ്പെട്ടതല്ലാതെ, വോൾട്ടേജ് പ്രശ്നത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ചൊവ്വാഴ്ച രാവിലെയും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. വോൾട്ടേജ് ക്ഷാമം തുടരുന്നതിനാൽ ഓഫീസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
പ്രശ്നത്തിന് താൽക്കാലിക നടപടികളല്ല, ശാശ്വത സാങ്കേതിക പരിഹാരമാണ് ആവശ്യമെന്ന് പ്രദേശവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്കയും ശക്തമാണ്. അടിയന്തരമായി സമഗ്ര പരിശോധന നടത്തി വോൾട്ടേജ് സാധാരണ നിലയിലാക്കാൻ വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.






