Timely news thodupuzha

റോ റോ എൻജിൻ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം

കൊച്ചി: കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയിൽ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്ച (ഓഗസ്റ്റ് 4) വൈകുന്നേരം ആറുമണിയോടെ ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് പോയ റോ റോ സർവീസിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നാണ് കപ്പൽച്ചാലിലൂടെ റോ റോ കടലിലേക്ക് ഒഴുകിപ്പോയത്. വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിൽ എല്ലാവരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചതോടെ വൻ ദുരന്തം ഒഴിവായി. എൻജിൻ പ്രവർത്തനരഹിതമായതോടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ് പട്രോൾ ബോട്ടും സംഘവും ചേർന്ന് പിന്തുടർന്ന് വടംബന്ധിച്ച് സുരക്ഷിതമായി തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു.കെ.എസ്.ഐ.എൻ.സി.യുടെ ഉടമസ്ഥതയിലുള്ള റോ റോ സർവീസാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് ഒമ്പത് കാറുകളും ഒരു ട്രാവലറും അമ്പതോളം ബൈക്കുകളും 50-ഓളം യാത്രക്കാരും റോ റോയിൽ ഉണ്ടായിരുന്നു. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരായ സബ് ഇൻസ്‌പെക്ടർ ഷിജു, സിവിൽ പോലീസ് ഓഫീസർ വിഷ്ണു സി.കെ., ബോട്ട് സ്രാങ്ക് അജയൻ, ഡ്രൈവർ ഷാജി, സീ റെസ്‌ക്യൂ ഗാർഡ്മാരായ ഷെല്ലൻ, ഉദയൻ, വിനു, ജിപ്‌സൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *