Timely news thodupuzha

പൊതുവിപണിയിലെ ക്രമക്കേടുകൾ; ഓണം പ്രമാണിച്ച് പരിശോധന നടത്തി സ്‌പെഷ്യൽ സ്‌ക്വാഡ്

ഇടുക്കി: ഓണം പ്രമാണിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനായി പൊതുവിതരണ വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് നെടുങ്കണ്ടത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായാണ് ജില്ലാ കളക്ടർ സ്‌ക്വാഡ് രൂപീകരിച്ചത്. സ്‌ക്വാഡിൽ സിവിൽ സപ്ലൈസ്, റവന്യു, ഫുഡ് ആന്റ് സേഫ്റ്റി, ലീഗൽ മെട്രോളജി, പോലീസ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണുള്ളത്.

ഇവരുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. പ്രധാനമായും ഹോട്ടലുകൾ, പച്ചക്കറി കടകൾ, ഇറച്ചി മീൻ വ്യാപാര സ്ഥാപനങ്ങൾ, പലചരക്കുകടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ലൈസൻസ് സൂക്ഷിക്കാതിരിക്കുക, വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽപ്പന നടത്തുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ റോയി തോമസ്, താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് ടി.എ പ്രദീപ്, ഭക്ഷ്യസുരക്ഷാ ഓഫീസർ ആൻമേരി ജോൺസൺ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ജെ.എസ് ജിബിൻ, സിവിൽ പോലീസ് ഓഫീസർ അജിത്ത് കൃഷ്ണൻ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജോഷി ജോസഫ്, ആർ ബിനീഷ്, കൃഷ്‌ണേന്ദു തുടങ്ങിയവർ നേതൃത്വം നൽകി. ഓണം വരെ ഉടുമ്പൻചോല താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുമെന്ന് സ്‌ക്വാഡ് അംഗങ്ങൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *