ഇടുക്കി: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനാ ലബോറട്ടറി സേവനം പീരുമേട് ഗ്രാമപഞ്ചായത്തിൽ ഏർപ്പെടുത്തി. സേവനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ അധ്യക്ഷത വഹിച്ചു.മാസത്തിൽ ഒരാഴ്ച സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനം പീരുമേട് ഗ്രാമപഞ്ചായത്തിൽ ലഭ്യമാകും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനും ഈ സേവനം സഹായകരമാകും. ചടങ്ങിൽ ഫുഡ് സേഫ്റ്റി ഓഫീസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നതിനുള്ള സൗകര്യവും സഞ്ചരിക്കുന്ന ലബോറട്ടറിയിലൂടെ ലഭ്യമാകും.






