കുമളി: കാനനഭംഗി ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികൾ അടക്കം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിന് നേരെ പെരുംതേനീച്ചയുടെ കൂട്ട ആക്രമണം. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് പോയ ബസിലെ 17 യാത്രക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ പെരിയാർ കടുവ സങ്കേതത്തിലെ കോഴിക്കാനത്തിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റവരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.രാവിലെ 5.30-ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസിൽ ജീവനക്കാർ ഉൾപ്പെടെ 58 യാത്രക്കാരുണ്ടായിരുന്നു. ഗവി സ്വദേശി നാരായണൻ (46), പത്തനംതിട്ട സ്വദേശികളായ ബേബി ജോർജ് (46), സന്തോഷ് (48), ദീപ്തി (46), ചന്ദ്രലേഖ (46), സെലീന (48), കാസർഗോഡ് സ്വദേശികളായ ലേഖ (44), തുളസിദാസ് (23), അഫ്സൽ (45), ശ്യാം സുന്ദർ (23), കസ്തൂരി (46), റിമ്പോൾ (48), പച്ചക്കാനം സ്വദേശികളായ മൻറോ മെണ്ടൽ (33), ഒ.എൽ. പത്ര (5), കോഴിക്കോട് സ്വദേശി അജീൻ (43), കൊടുവള്ളി സ്വദേശി ആസിയ (42) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഗവി പിന്നിട്ട് വണ്ടിപ്പെരിയാർ വള്ളക്കടവിനടുത്തുള്ള കോഴിക്കാനത്ത് എത്തിയപ്പോൾ, വീതി കുറഞ്ഞ റോഡിൽ എതിർദിശയിൽ നിന്നുവന്ന കാറിന് സൈഡ് കൊടുക്കാനായി ബസ് നിർത്തിയിട്ടു. ഈ സമയത്താണ് പെരുംതേനീച്ചക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഭയന്നുപോയ യാത്രക്കാർ പെട്ടെന്ന് തന്നെ ഷട്ടറുകൾ അടച്ചെങ്കിലും ഉള്ളിൽ പെട്ടുപോയ തേനീച്ചകൾ യാത്രക്കാരെ അക്രമിക്കുകയായിരുന്നു രക്ഷപെടാനായി ബസിൽ നിന്ന് പുറത്തേക്കിറങ്ങി ഓടിയവരെ തേനീച്ചകൾ ഓടിച്ചിട്ട് ആക്രമിച്ചു. കടിയേറ്റ ബസ് ഡ്രൈവർ റസ്സാഖ് ഉടൻ തന്നെ ആ വഴി വന്ന പിക്ക്അപ്പ് ജീപ്പിൽ കയറി വള്ളക്കടവ് ഫോറസ്റ്റ് ചെക്ക്പോസ്റ്റിലെത്തി വിവരമറിയിക്കുകയായിരുന്നു. ഉൾക്കാടായതിനാൽ ഈ ഭാഗത്ത് മൊബൈൽ ഫോൺ കവറേജ് ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനം അറിയിക്കാൻ വൈകിപ്പിച്ചു.വിവരമറിഞ്ഞ ഉടൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർജെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം മറ്റൊരു ബസിലും ജീപ്പിലുമായി സംഭവസ്ഥലത്തെത്തി. വനപാലകരാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിൽ എത്തിച്ചത്. പരിക്കേറ്റവരിൽ പത്തുപേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി ഏഴുപേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് ഒന്നരയോടെ കുമളിയിൽ നിന്നും പത്തനംതിട്ടയിലേക്ക് പോയ മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ മടങ്ങി.
ഗവി കെ.എസ്.ആർ.ടി.സി ബസിനു നേരെ പെരുംതേനീച്ച ആക്രമണം: 17 യാത്രക്കാർക്ക് പരിക്ക്






