Timely news thodupuzha

രാജ്യത്തിന് മാതൃകയായ കേരളത്തിലെ  ഭൂപരിഷ്കരണത്തിൻ്റെ അടിസ്ഥാന സ്വഭാവത്തിൽ  മാറ്റം വരുത്തുവാൻ അനുവദിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഇടുക്കി: രാജ്യത്തിന് മാതൃകയായ കേരളത്തിലെ  ഭൂപരിഷ്കരണത്തിൻ്റെ അടിസ്ഥാന സ്വഭാവത്തിൽ  മാറ്റം വരുത്തുവാൻ അനുവദിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. സി പി ഐ ജില്ലാ കൗൺസിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സാമൂഹിക പ്രക്രിയയിൽ നീതി ഉറപ്പാക്കുന്ന പ്രക്രിയയാണ് അച്യുതമേനോൻ സർക്കാർ നടപ്പിലാക്കിയത്. രണ്ടാം ഭൂപരിഷ്ക്കരണത്തെക്കുറിച്ച് സംസാരിക്കുന്ന വി ഡി സതീശൻ സർക്കാർ, വ്യവസായികാവശ്യത്തിൻ്റെ പേര് പറഞ്ഞ് ഏതാനും ചിലരിലേക്ക് ഭൂസമ്പത്ത് കേന്ദ്രീകരിക്കുന്ന രീതിയിൽ ഭൂപരിഷ്ക്കരണത്തെ അട്ടിമറിച്ചാൽ ജനകീയ പ്രക്ഷോഭമുയരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.  
സെപ്റ്റംബർ ഒന്നിന് സി പി ഐ ഡൽഹിയിൽ സംഘടിപ്പിച്ച ബഹുജന റാലിയുടെ തുടർച്ചയായി ഡിസംബർ 1,2, 3 തീയതികളിൽ . ജയിൽ നിറക്കൽ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേന്ദ്രം ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല ( ഇ എസ് എ ) നിശ്ചയിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത് കരട് വിജ്ഞാപനം അവസാനിക്കുവാൻ നാല് ദിവസം മാത്രം അവശേഷിക്കെ സംസ്ഥാന സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി.
ഇ എസ് എ സംബന്ധിച്ച കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് ജൂലൈ 27 നാണ്. വിജ്ഞാപനം വന്ന് മൂന്ന് മാസം തികയുമ്പോഴും സംസ്ഥാന സർക്കാരും ജന പ്രതിനിധികളും ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
അപ്രതീക്ഷിത മഴമൂലമുണ്ടായ ഉരുൾ പൊട്ടലിലും മഴവെള്ള പാച്ചിലിലും ഉണ്ടായ ദുരിതങ്ങളിൽ അടിയന്തിര നടപടികൾ വേണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും തകർന്ന റോഡുകളുടെ പുന:രുദ്ധാരണം വേഗത്തിൽ നടത്തണമെന്നും കാർഷീക മേഖലയുടെ നാശനഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ നടക്കുന്ന വ്യാപക ഭൂമി കയ്യേറ്റങ്ങൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാൻ യോഗം നിശ്ചയിച്ചു.
യോഗത്തിൽ സി യു ജോയി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ സലിം കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ദേശീയ എക്സി അംഗം കെ പി രാജേന്ദ്രൻ ,
സംസ്ഥാന അസി സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അഷറഫ്, ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ്, എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *