തൊടുപുഴ: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ വച്ച് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികളുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ നിർവ്വഹിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് സ്വാഗതവും, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷീജ യു. ബി. ആശംസകളും അർപ്പിച്ചു. ആശുപത്രി ലേ സെക്രട്ടറി രതീഷ് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി. ദിനാചരണത്തിന്റെ ഒന്നാം ദിവസം ഒ.പി. രോഗികൾക്കായി ഡോ. നീരജയുടെ നേതൃത്വത്തിൽ ക്വിസ് മത്സരവും, “ആയുർവേദം ആത്മാരോഗ്യത്തിനും ആരോഗ്യകരമായ ജീവിതത്തിനും” എന്ന വിഷയത്തിൽ ഡോ. നീത പോൾ നയിച്ച ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. രണ്ടാം ദിനം നടത്തിയ പൊതുസമ്മേളനത്തോടനുബന്ധിച്ച് ആയുർവേദ സ്റ്റാൾ, ആയുർവേദ ഫുഡ് എക്സ്പോ, രോഗികൾക്കായുള്ള ഔഷധസസ്യ ക്വിസ് മത്സരം എന്നിവയും നടന്നു. തുടർന്ന് ജീവനക്കാർക്കായി സംഘടിപ്പിച്ച സ്ലോഗൻ മത്സരത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പോസ്റ്റർ രചനാ മത്സരത്തിലെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. “ആരോഗ്യകരമായ നാളെക്കായി ആയുർവേദം” എന്ന വിഷയത്തിൽ ഡോ. ഫെബിൻ വി. ജോർജ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ആശുപത്രി ജീവനക്കാരുടെ യോഗ മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി.
തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു






