ഇടുക്കി: കൃഷിയിടത്തിലെ ഷെഡിൽ നിന്നും വീട്ടിലേയ്ക് മടങ്ങുന്നതിനിടെയാണ് വിജയൻ ചക്കകൊമ്പന്റെ മുൻപിൽ പെട്ടത്. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ആന പുറകെ എത്തി ആക്രമിയ്ക്കുകയായിരുന്നു. വിജയൻ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപെട്ടു.
കാട്ടാന ആക്രമണം തുടർച്ചയാകുന്ന സാഹചര്യത്തിൽ, മൃതദേഹം സംഭവ സ്ഥലത്ത് നിന്നും മാറ്റാൻ സമ്മതിയ്ക്കാതെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തി. കഴിഞ്ഞ മൂന്നര മാസത്തിനിടെ, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി നാല് ജീവനുകൾ ആണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്.
മതികെട്ടാനിലെ അപകടകാരികളായ മൂന്ന് ആനകളെ പിടിച്ചു മറ്റുമെന്ന്,. വനം വകുപ്പ് നാട്ടുകാർക്ക് ഉറപ്പ് നൽകി. ചക്കകൊമ്പൻ,മുറിവാലൻ, ഒരു പിടിയാന എന്നിവയെ ആണ് ട്രാൻസ് ലോക്കേറ്റ് ചെയ്യുക. ആനയുടെ സഞ്ചാരത്തിന് തടസം സൃഷ്ടിച്ച് സ്വകാര്യ തോട്ടങ്ങളിൽ സ്ഥാപിച്ചിരിയ്ക്കുന്ന ഫെൻസിങ്ങുകൾ പൊളിച്ചു മാറ്റും. മേഖലയിലെ ഗോത്ര ജനതയ്ക് സുരക്ഷ ഒരുക്കാൻ ഇവരുടെ വീടിനും കൃഷിയിടത്തിനും ചുറ്റുമായി സോളാർ ഫെൻസിങ് ഒരുക്കും. മരണ പെട്ട വിജയന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുന്നതിനൊപ്പം വിജയൻറെ ഭാര്യയ്ക്ക് ചൊക്രമുടിയിലെ വനം വകുപ്പിന്റെ എക്കോ ടൂറിസ്റ് സെന്റർ ടിക്കറ്റ് കൗണ്ടറിൽ തത്കാലിക ജോലിയും നൽകും.
ചിന്നക്കനാലിലെ കാട്ടാനകളെ നിരീക്ഷിയ്ക്കുന്നതിനായി പുതിയ ആർ ആർ ടി സംഘത്തെയും നിയമിയ്ക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ജന പ്രതിനിധികളുടെ സാനിധ്യത്തിൽ നടത്തിയ ചർച്ചയിൽ വനം വകുപ്പ് ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.






