തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസിൽ പ്രതിയായ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. അസംബന്ധമാവും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന കാര്യമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ പറഞ്ഞു.
ഇങ്ങനൊരു പരാതി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. എല്ലാക്കാലത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവുമെന്ന് വനിത കമീഷന്‍ ചൂണ്ടികാട്ടി.
കോടതി ജാമ്യം അനുവദിക്കുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ല. സാങ്കേതികവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ ജാമ്യം ലഭിക്കാം, ലഭിക്കാതിരിക്കാം. അത് പക്ഷേ, അതിജീവിതകളെ അപമാനിക്കുന്നതിനുള്ള ലൈസന്‍സല്ല. നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് നിയമം നടപടികള്‍ നേരിടുന്ന ആള്‍ക്ക് സ്വീകരണം നല്‍കിയ സംഭവത്തെ ശക്തമായി അപലപിക്കുന്നെന്നും സതീദേവി വ്യക്തമാക്കി.






