
കണ്ണൂര്‍: അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാൻ. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടനയിലെ അമർഷം പരസ്യമാക്കിയിരിക്കുകയാണ് എ ഗ്രൂപ്പ്. പുനഃസംഘടന പ്രഖ്യാപനം നിരാശജനകമാണെന്നും ബെന്നി പറഞ്ഞു. നേതൃത്വത്തെ ഇനി കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിൽ ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടന കലാപത്തിലേക്കാണ് നീങ്ങുന്നത്. എ ഗ്രൂപ്പ് ഡി.സി.സി യോഗങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസ്സഹകരിക്കാൻ തീരുമാനിച്ചിരുന്നു. പട്ടിക തയ്യാറാക്കിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നാണ് എം.കെ രാഘവൻ എം.പി ഇന്നലെ വിമർശിച്ചത്.
പുനഃസംഘടനയെന്ന നിര്‍ദ്ദേശം സമവായത്തിലൂടെ നടപ്പായില്ല. ചിലര്‍ ഓരോരുത്തരെ അടര്‍ത്തിയെടുത്ത് സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നു. പുതിയ ഗ്രൂപ്പുണ്ടാക്കിയാല്‍ പഴയ ഗ്രൂപ്പ് സജീവമാക്കും. പുനഃസംഘടന നടന്നത് ഉമ്മന്‍ചാണ്ടിയുടെ മനസറിയാതെയാണെന്നും കോണ്‍ഗ്രസിലെ ഐക്യശ്രമങ്ങള്‍ക്ക് എതിരാണ് പുനഃസംഘടനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ ഗ്രൂപ്പ് നിസഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. എം.പിമാർക്കും വ്യാപക അതൃപ്തിയുണ്ട്.






