തിരുവനന്തപുരം: ലഹരി ഉപയോഗം തടയുന്നതിന് കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടിയടക്കം സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക്തയ്യാറാക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു
അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പൊലീസിന്‍റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ലഹരിക്കെതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും.
യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സാമൂഹ്യ – സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ക്യാമ്പയിനില്‍ കണ്ണിചേര്‍ക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനിച്ചു