ഇരിങ്ങാലക്കുട : വിഭവ വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒരുക്കിയ മെഗാ ഓണസദ്യ ശ്രദ്ധേയമായി. 234 ൽ അധികം വിഭവങ്ങളാൽ സമൃദ്ധമായിരുന്നു ഓണാഘോഷത്തോടനുബന്ധിച്ച് കോളേജിൽ നടത്തിയ ഓണസദ്യ. ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം മുൻകൈയെടുത്ത് നടത്തിയ മെഗാ ഓണസദ്യ ടി.എൻ. പ്രതാപൻ എം. പി. ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, മുൻസിപ്പൽ കൗൺസിലർ ജെയ്സൺ പാറേക്കാടൻ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമഫലമായിട്ടാണ് ഈ മെഗാ ഓണസദ്യ ഒരുക്കിയത്. ഏകദേശം അറുനൂറിലധികം സന്ദർശകർക്ക് സുഭിക്ഷമായി സദ്യ വിളമ്പാനായി. കൊമേഴ്സ് വിഭാഗം മേധാവി
പ്രൊഫസർ കെ. ജെ. ജോസഫിൻ്റെയും സ്റ്റാഫ് കോഡിനേറ്റർ സ്മിത ആൻ്റണി, സ്റ്റുഡൻ്റ് കോഡിനേറ്റർമരായ ലക്ഷ്മി പി ആനന്ദ്, അഭിജിത്ത് എ. എൽ., അതുൽ കൃഷ്ണ എന്നിവരുടെയും നേതൃത്വത്തിലാണ് ഓണസദ്യ സംഘടിപ്പിച്ചത്. 234 ലധികം വിഭവങ്ങൾ ഉൾക്കൊണ്ട ഓണസദ്യ ലിംക ബുക്ക് ഓഫ് എഷ്യൻ റെക്കോർഡിൽ സ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ് എന്ന് സംഘാടകർ അറിയിച്ചു.