ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള സാധ്യത തള്ളാതെ ശശി തരൂര്‍. മത്സരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയുന്നില്ല. മത്സരം നല്ലതാണെന്ന് ശശി തരൂര്‍ പറഞ്ഞു.സോണിയാഗാന്ധിയുടെ ചുമലില്‍ ഭാരിച്ച ദൗത്യം കൊടുക്കുന്നത് നല്ലതല്ല. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്‍റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡിന്‍റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കാന്‍ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്‍റെ വിലയിരുത്തല്‍.
തരൂരിനു സമ്മതമല്ലെങ്കില്‍ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ. രാഹുല്‍ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും സംഘാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച സജീവമാണ്.