Timely news thodupuzha

logo

ഭക്ഷ്യ കിറ്റിൽ പുഴു കണ്ടെത്തിയ സംഭവം; പ്രതികരണവുമായി റ്റി സിദ്ദിഖ് എം.എൽ.എ

കൽപ്പറ്റ: വയനാട്ടിലെ തിരുനെല്ലിയിൽ നിന്ന് കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്ക ​ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ‌ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് റ്റി സിദ്ദിഖ് എം.എൽ.എ.

കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺ​ഗ്രസിന് വയനാട്ടിൽ ഇല്ലെന്ന് റ്റി സിദ്ദിഖ് വ്യക്തമാക്കി. പ്രളയബാധിതർക്ക് നൽകാൻ എത്തിച്ച കിറ്റുകളാണ് കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വിതരണം ചെയ്യാതെ സൂക്ഷിച്ചുവെന്നും റ്റി സിദ്ദിഖ് പറഞ്ഞു.

നിരവധി കിറ്റുകൾ താനും സൂക്ഷിക്കുന്നുണ്ടെന്നും റ്റി സിദ്ദിഖ് പറഞ്ഞു. വയനാട്ടിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത സംഭവത്തിലും റ്റി സിദ്ദിഖ് പ്രതികരിച്ചു. റവന്യൂ, ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിമാർ രാജി വെക്കണമെന്നും ഗുണ പരിശോധന നടത്താത്ത സാധനങ്ങൾ ദുരന്തബാധിതർക്ക് എത്തിച്ചുവെന്നും സിദ്ദിഖ് പ്രതികരിച്ചു.

പഞ്ചായത്ത് ഭക്ഷ്യവിതരണ സാമഗ്രികളുടെ വിതരണം നടത്തുന്നില്ല. പാലക്കാട്ടെ പരിശോധന പരാജയപ്പെട്ടതിലെ ജാള്യത മറക്കാനാണ് കിറ്റ് വിവാദം ഉയർത്തുന്നത്. സന്നദ്ധ സംഘടനകൾ നൽകുന്ന കിറ്റുകളും ഏകോപിപ്പിക്കുന്നത് റവന്യൂ വകുപ്പ് തന്നെയാണ്. ദുരന്തബാധിതരെ അപമാനിക്കുകയാണ്.

റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് എല്ലാ സാധനങ്ങളും നൽകുന്നതെന്നും മുൻപും എത്തുന്ന സാധനങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്ന് താൻ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് തോൽപ്പെട്ടിയിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ പിടികൂടിയത്.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകൾ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *