തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ കെ.പി.സി.സി ഭാരവാഹികളെയും പകുതിയോളം ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റി സംഘടനാതലത്തിൽ വൻ അഴിച്ചുപണി നടത്തുന്നതിനായി ആലോചന തുടങ്ങി. കേരളത്തിലെ പുനസംഘടന നേതൃത്വത്തിൻറെ പ്രധാന അജണ്ടയെക്കുറിച്ച് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന് ശേഷം തീരുമാനിക്കും. കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷനേതാവും ഉൾപ്പടെയുള്ള നേതാക്കൾ ഭിന്നതയില്ലാതെ ഒന്നിച്ചുപോകണമെന്നും ഹൈക്കമാൻറ് നിർദേശമുണ്ട്. കെ.സുധാകരൻ അധ്യക്ഷനായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ ഒരു പരീക്ഷണമെന്ന നിലയിൽ കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുകയായിരുന്നു.
പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയ്ക്ക് അൽപം പോലും മുന്നോട്ടു പോകാനായില്ലെന്നാണ് ഹൈക്കമാൻറ് വിലയിരുത്തൽ. ടീമിനെ മാറ്റണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷനുമുണ്ട്. അതേസമയം പ്രസിഡൻറിനെയും മാറ്റണമെന്ന് അഭിപ്രായം പാർട്ടിയിൽ ഉണ്ടെങ്കിലും അകാരണമായി മാറ്റിയാൽ പാർട്ടിക്ക് ക്ഷീണമാകുമോ എന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് പ്രവർത്തനം മോശമെന്ന് വിലയിരുത്തി ഭാരവാഹികളെ മാറ്റുന്നത്.





